മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം

ഞായറാഴ്ച രാത്രി 7.30ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഹൃദ്രോഗവിഭാഗം പ്രഫസര്‍ ഡോ വി.എല്‍.ജയപ്രകാശ് എന്നിവര്‍ കോട്ടയം ടി.ബി.യിലെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ഡയറക്ടറും ഹൃദ്രോഗചികിത്സാവിദഗ്ദ്ധനുമായ ഡോ സുദയകുമാറും എത്തി പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ന് നടത്തിയ ഇ.സി.ജി. പരിശോധനയില്‍ ചെറിയ വ്യത്യാസംകണ്ടു. തുടര്‍ന്ന് എട്ടരയോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തെ പതിമൂന്നാംവാര്‍ഡിന് സമീപത്തുള്ള വി.വി.ഐ.പി. മുറിയിലാണ് പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജയകുമാര്‍, ഡോ. പ്രശാന്ത് കുമാര്‍, പകര്‍ച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാര്‍, വൃക്കരോഗവിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജുജോര്‍ജ്ജ്, ഡോ. വി.എല്‍.ജയപ്രകാശ്, ഡോ. കെ.ജയപ്രകാശ്, സൂപ്രണ്ട് ഡോ. ടിജി ജേക്കബ് എന്നിവരുടെ നേതൃത്തത്തിലാണ് മുഖ്യമന്ത്രിയെ പരിശോധിച്ചത്. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. അജിത്ത് മുല്ലശ്ശേരി എത്തി പരിശോധിച്ചു.
പരിശോധനകള്‍ അരമണിക്കുര്‍ തുടര്‍ന്നു. അദ്ദേഹത്തിന് ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് ആസ്പത്രിവിടാമെന്നാണ് പ്രതീക്ഷ.
2010ല്‍ മുഖ്യമന്ത്രിക്ക് ഹൃദയചികിത്സ നടത്തിയിരുന്നു. അന്ന് ഒരു ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിനാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം കാത്‌ലാബ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അത് പരിശോധനകള്‍ക്കുശേഷം നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ മറിയം, സഹോദരന്‍ അലക്‌സ് പി.ചാണ്ടി, ഭാര്യ ലൈല, മുഖ്യമന്ത്രിയുടെ സഹോദരി വത്സമ്മ എന്നിവരും ആസ്പത്രിയെത്തിയിരുന്നു.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.ബാബു, ജോസ് കെ.മാണി എം.പി. , സുരേഷ് കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, രാധാ വി. നായര്‍, കെ.ആര്‍.അരവിന്ദാക്ഷന്‍, ഫിലിപ്പ് ജോസഫ്, ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ്, കളക്ടര്‍ അജിത്കുമാര്‍, വിവിധ ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.