UDF

2014, ജനുവരി 3, വെള്ളിയാഴ്‌ച

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
ആറന്മുള വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഇടതുസര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കെ.ജി.എസ്. കമ്പനി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2010 ജൂലായ് 16 നാണ് കെ.ജി.എസ്. കമ്പനി വിമാനത്താവള പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും നല്‍കിയത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 8 ന് നടന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് സമ്മതിപത്രം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു - പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അനുകൂലസമീപനത്തെ തുടര്‍ന്ന് കമ്പനി, പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിത്തുടങ്ങി. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ ജില്ലാ കളക്ടര്‍ തടസ്സമുന്നയിച്ചു. തുടര്‍ന്ന് 2010 നവംബര്‍ 12 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കമ്പനി വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് കളക്ടര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നല്‍കി.

എല്‍.ഡി.എഫ്. മന്ത്രിസഭയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2010 ഒക്ടോബര്‍ 9ന് ആറന്മുള വിമാനത്താവളം അടക്കം നാലു പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി തീരുമാനങ്ങളെടുത്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചന വകുപ്പും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മലിനജലപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു. 2011 ഫിബ്രവരി 22 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം ആരാഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

രണ്ടു ദിവസത്തിനുശേഷം പദ്ധതിപ്രദേശമായ ആറന്മുള, കിടങ്ങന്നൂര്‍, മലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളെ ചേര്‍ത്ത് വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഈ വിജ്ഞാപനത്തില്‍ പദ്ധതിപ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു.

2011 മാര്‍ച്ച് 10 ന് നടത്തേണ്ടിയിരുന്ന പൊതുജനാഭിപ്രായമാരായല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. പിന്നീട് മെയ് 10 ന് പത്തനംതിട്ട കളക്ടറുടെ ഓഫീസില്‍ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഏകകണ്ഠമായി മിനിട്‌സ് പാസ്സാക്കി. അതിന്റെ പകര്‍പ്പ് വീഡിയോ റെക്കോഡിങ് സഹിതം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2013 നവംബര്‍ 18 ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇതോടെ വിമാനത്താവള പദ്ധതിക്കാവശ്യമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ അനുമതിയും ലഭിച്ചുവെങ്കിലും കമ്പനി ഇതുവരെ പ്രദേശത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.

സുതാര്യമായും നിയമങ്ങള്‍ക്ക് വിധേയമായും പാരിസ്ഥിതിക അനുമതിയിലുള്ള നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും പാലിച്ചുകൊണ്ടുംമാത്രം വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.