UDF

2014, ജനുവരി 21, ചൊവ്വാഴ്ച

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത്

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത് 


 പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലാതെ സമരപ്പന്തല്‍ ശുഷ്കമായ പശ്ചാത്തലത്തിലാണ് വിലക്കയറ്റത്തിനെതിരായ സമരവും ഡി.വൈ.എഫ്.ഐയുടെ സമരവും പൊളിഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരത്തിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ട് സമരത്തിനും ഈ ഗതി വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സബ്സിഡിയോടു കൂടിയ സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയെന്ന പിടിവള്ളിയിലാണ്് സമരത്തില്‍ നിന്ന് സി.പി.എം ഊരിയത്. സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും സിപിഎം സമരവും തമ്മില്‍ ഒരു ബന്ധവുമില്ല. സംസ്ഥാനത്ത് 77.21 ലക്ഷം കുടുംബങ്ങള്‍ ഗ്യാസ് ഉപയോഗിക്കുന്നതില്‍ 96.95 ശതമാനവും ഒമ്പത് സിലിണ്ടറിനു താഴെ മാത്രം ഉപയോഗിക്കുന്നവരാണ്. എങ്കിലും 12 സിലിണ്ടറായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ജനുവരി മൂന്നു മുതല്‍ അഞ്ചുവരെ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാറും കെ.പി.സി.സിയും ഈ ആവശ്യം ഉന്നയിച്ചു. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്. ഇത് സി.പി.എം സമരം മൂലമാണെന്ന് അവകാശപ്പെടുന്നത് ബാലിശമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ആധാര്‍ ബന്ധിപ്പിക്കല്‍ രണ്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കാമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി വ്യക്തമാക്കിയിട്ടുണ്ട്. ഇതും സി.പി.എം സമരത്തിനു മുമ്പാണു നടന്നത്.

നിയമനനിരോധം ഉണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരവും പൊളിഞ്ഞത് അതിന് വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി ലിസ്റ്റ് ഉണ്ടായിട്ടും സ്ഥിരം തസ്തികകള്‍ നികത്താത്ത ഏതെങ്കിലും സംഭവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അടിയന്തര നടപടി സ്വീകരിക്കും. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 2013 ഡിസംബര്‍ വരെ 85,164 പേര്‍ക്ക് പി.എസ്.സി നിയമനം നല്‍കിയിട്ടുണ്ട്. അധ്യാപക പാക്കേജില്‍ 10,553 പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ പി.എസ്.സിക്ക് നല്‍കിയ കണക്ക് തെറ്റി. കണക്ക് തെറ്റിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്.ആരോഗ്യവകുപ്പില്‍ 3539 തസ്തികകള്‍ സൃഷ്ടിച്ചത് റെക്കോഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.