പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം-മുഖ്യമന്ത്രി

നിയമസഭയില്‍ പാമോയില്‍ കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെപ്പെടുത്താന്‍ ആരുനോക്കിയാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തള്ളിയ വിജിലന്‍സ് കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന തനിക്ക് എ തൊട്ട് ഇസഡ് വരെ അറിയാം. സംസ്ഥാനത്തിന് എട്ടുകോടി രൂപ ഈയിടപാടില്‍ ലാഭമാണുണ്ടായത്. മറ്റൊരുതരത്തില്‍ ചെയ്തിരുന്നെങ്കില്‍ 2.42 കോടി രൂപ കൂടുതല്‍ ലാഭം കിട്ടുമായിരുന്നുവെന്നാണ് അക്കൗണ്ടന്റ് ജനറല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഈ കരാര്‍ കേരളത്തിന് ലഭിക്കില്ലായിരുന്നു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കരാര്‍ ലഭിച്ചതില്‍ നാലുസംസ്ഥാനങ്ങള്‍ക്ക് കരാര്‍ കിട്ടിയിരുന്നു. അവസാന സാധ്യതയായിരുന്നു കേരളത്തിന്‍േറത്.
പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ 91-96 കാലത്താണ് ആദ്യം ഉന്നയിക്കുന്നത്. അന്ന് മറുപടി പറഞ്ഞത് താനാണ്. തനിക്കെതിരെ ഒരു ആരോപണവും പ്രതിപക്ഷം അന്ന് പറഞ്ഞില്ല. അന്ന് കരുണാകരനായിരുന്നു ലക്ഷ്യം. പിന്നീട് നായനാര്‍ സര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും തന്നെ സാക്ഷിയാക്കിയതല്ലാതെ പ്രതിയാക്കിയില്ല. 2005-ല്‍ തന്റെ സര്‍ക്കാര്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അത് വേണമെങ്കില്‍ പ്രകോപനമായി കരുതാം. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. വീണ്ടും അന്വേഷിച്ചെങ്കിലും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല.
തന്നെ പ്രതിയാക്കണോയെന്ന കാര്യം സി.പി.എം. പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തുവെന്നും തനിക്കറിയാം. കരുണാകരനായിരുന്നു അന്നത്തെ ലക്ഷ്യമെന്നതിനാല്‍ അത് വേണ്ടെന്നുവെച്ചു. ഈയവസരത്തിലൊന്നും തന്നെ പ്രതിയാക്കാതെ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയം അറിയാം. ഈയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിയാക്കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈയാരോപണത്തില്‍ രാഷ്ട്രീയം മാത്രമേയുള്ളൂവെന്നതിനാല്‍ മനഃസാക്ഷി അനുസരിച്ചുതന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂര്‍ കോടതിയുടെ രണ്ടുകാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഹാജരായ സി.സി. അഗസ്റ്റിന് അതിനുള്ള അധികാരം ഇല്ലെന്ന നിരീക്ഷണം ശരിയല്ല. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് അഗസ്റ്റിനാണ്. തുടര്‍ന്ന് അദ്ദേഹത്തിന് അസൗകര്യമായതിനാലാണ് നിയമോപദേഷ്ടാവായ ബിജു മനോഹര്‍ ഹാജരായത്.
കേസില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് സുപ്രീംകോടതിയും പറഞ്ഞു. പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ് കേസ് പിന്‍വലിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണവും ശരിയല്ല.