UDF

2014, ജനുവരി 22, ബുധനാഴ്‌ച

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍-മുഖ്യമന്ത്രി



കോവളം: ജനാധിപത്യ സംവിധാനത്തിന്റെ ഉപയോഗസാധ്യത സംബന്ധിച്ച് വെല്ലുവിളി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ജനാധിപത്യ ശാക്തീകരണം' എന്ന വിഷയത്തില്‍ തദ്ദേശവകുപ്പ് കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള സംവിധാനം മാത്രമല്ല ജനാധിപത്യം. വൈവിദ്ധ്യത്തിന്റെ മൂല്യമുള്‍ക്കൊള്ളുന്ന ജീവിതശൈലികൂടിയാണത്. കേരളത്തിലെ മികച്ച ജനാധിപത്യ സംവിധാനംമൂലം ഫ്യൂഡലിസത്തെ ഒഴിവാക്കാന്‍ കഴിഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ മാത്രം ഒറ്റപ്പെട്ട നേട്ടമാണ്. അതിന്റെ പൂര്‍ണവിജയത്തില്‍ നാം ഇപ്പോഴും തൃപ്തരല്ല. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള പുനരുജ്ജീവനം ജനാധിപത്യത്തിന് ഉണ്ടാകണം. അതിന് ജനങ്ങളുടെ പിന്തുണയും വേണം. അധികാരവികേന്ദ്രീകരണം നടപ്പാക്കുമ്പോള്‍ വിഭവചൂഷണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, പുനരാവിഷ്‌കരണം എന്നീ തലങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണതോതില്‍ വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ജയറാം രമേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ നന്നായി പ്രസംഗിക്കുമെങ്കിലും ഒന്നിലും കാര്യമായ ശ്രദ്ധചെലുത്തുന്നില്ല. പാര്‍ലമെന്റില്‍പോലും ജനാധിപത്യം സംബന്ധിച്ച കാര്യമായ ചര്‍ച്ച ഉണ്ടാകുന്നില്ല. പോഷകാഹാരക്കുറവ്, ശുചീകരണം തുടങ്ങിയ ദൈനംദിന അത്യാഹിതങ്ങളില്‍ സാമൂഹികശ്രദ്ധ പതിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.