UDF

2013, നവംബർ 17, ഞായറാഴ്‌ച

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ദുരിതനിവാരണത്തിന്റെ രാപകലായി നീണ്ടപ്പോള്‍ സഹായധനമായി കൈമാറിയത് 1,94,27,500 രൂപ. നേരത്തേ ലഭിച്ച 10,065 പരാതികള്‍ക്കുപുറമേ, ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി സമര്‍പ്പിച്ചത് 11,185 പേര്‍. മുന്‍കൂട്ടിനല്‍കിയ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതിനുപുറമേ, പുതിയ പരാതികളില്‍ 600 എണ്ണത്തിലും രാത്രി വൈകുവോളമിരുന്ന് മുഖ്യമന്ത്രി തീര്‍പ്പുകല്പിച്ചു.

ദൈന്യതയും വേദനയും നിറഞ്ഞ കണ്ണുകളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ രാവിലെ മുതല്‍ ജനസമ്പര്‍ക്കപരിപാടി നടന്ന ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലെത്തി. രാവിലെ 8.20-ന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഒമ്പതുമണിയോടെ ഔപചാരികതയില്ലാതെ പരിപാടിയിലേക്ക് കടന്നു. 

ദുരിതാശ്വാസനിധി വിതരണമാണ് ജനസമ്പര്‍ക്കപരിപാടിയെന്ന് ആക്ഷേപിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെയാണ് പറയുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ തീരുമാനം എടുക്കുന്നതിലല്ല പ്രസക്തി, തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി തന്റെ മുന്നിലെത്തുമ്പോള്‍, പരാതി ന്യായമാണെന്ന് മനസ്സിലാവുന്നു. അത് അംഗീകരിക്കേണ്ടതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ആഗ്രഹിച്ചാലും ചട്ടം അതിന് അനുവദിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായത് മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. ഇങ്ങനെ ഇതുവരെ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പരിഹരിക്കാന്‍ ചട്ടം അനുവദിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവുകളിറക്കി എന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, ഉമ്മര്‍, കളക്ടര്‍ സി.എ.ലത എന്നിവരുടെ ലഘുഭാഷണം. 

9.20-ഓടെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചുതുടങ്ങി.ഉച്ചയ്ക്ക് ഒന്നേകാല്‍വരെ രോഗികള്‍, വൈകല്യമുള്ളവര്‍, വിധവകള്‍ തുടങ്ങി സഹായത്തിന്റെ ഒരു കൈത്താങ്ങിനായി എത്തിയവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. പ്രയാസങ്ങള്‍ കേട്ടശേഷം 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം അനുവദിച്ചു. ഒന്നേകാലിന് വേദിയില്‍നിന്നിറങ്ങി നേരേ വേദിക്കുപുറത്തായി പുതിയ പരാതി നല്‍കാന്‍ എത്തിയവരുടെ ഇടയിലേക്ക്. ഇവിടെയുള്ളവരില്‍നിന്ന് പരാതി വാങ്ങിയശേഷം ക്രിസ്ത്യന്‍കോളേജിന് എതിര്‍വശമുള്ള സെന്റ്‌ജോസഫ്‌സ് പള്ളിയില്‍ കൂടിനില്‍ക്കുന്നവരില്‍നിന്ന് പരാതി വാങ്ങി. അത് വാങ്ങിത്തീരുമ്പോഴേക്കും മണി നാലരയായി. അതിനുശേഷം വീണ്ടും മുഖ്യവേദിയിലേക്ക്. ഇതിനിടയില്‍ മൂന്നുഗ്ലാസ് വെള്ളം കുടിച്ചതല്ലാതെ ഭക്ഷണമൊന്നുമില്ല.
വൈകുന്നേരം ആറരയോടെ മുന്‍കൂട്ടി നല്‍കിയ പരാതിക്കാരെ മുഴുവന്‍ മുഖ്യമന്ത്രി കണ്ടുകഴിഞ്ഞു. അപ്പോഴേക്കും വേദിക്കുപുറത്ത് വീണ്ടും വന്‍ജനക്കൂട്ടം പുതിയ പരാതികള്‍ നല്‍കാന്‍ കാത്തുനിന്നു. ഇവരുടെ പരാതികള്‍ വാങ്ങിത്തീരുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞു.