UDF

2013, നവംബർ 14, വ്യാഴാഴ്‌ച

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല - ഉമ്മന്‍ചാണ്ടി

 

പ്രതിയുടെ മൊഴി തിരുത്തലല്ല അഡ്വക്കേറ്റ് ജനറലിന്റെ പണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴി തിരുത്തിയതിന് പിന്നില്‍ എ.ജി.യാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേട്ടിന് തെറ്റു പറ്റിയെന്ന കാര്യവും അതിനെതിരെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തെലുമെല്ലാം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. പത്രങ്ങള്‍ വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്താനാണ് അഡ്വക്കേറ്റ് ജനറലിനെ നിയോഗിച്ചിട്ടുള്ളത്. മൊഴി തിരുത്തലല്ല അദ്ദേഹത്തിന്റെ പണി. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കോടതി സ്വതന്ത്രവും ശക്തവുമാണ്. അത് ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായകമാണ്. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല-മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശിന്റെ സ്വത്തുകള്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കൈവശം വെയ്ക്കാവുന്ന സ്വത്ത് മാത്രമേ അടൂര്‍ പ്രകാശിന്റെ പക്കലുള്ളൂവെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ഒന്നും അദ്ദേഹം ചെയ്യില്ല. ഭൂരഹതരില്ലാത്ത കേരളം, പട്ടയ വിതരണം തുടങ്ങിയ പദ്ധതികള്‍ മികച്ച നിലയില്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നയാളാണ് അടൂര്‍ പ്രകാശ്. അത്തരം പദ്ധതികളെ അട്ടിമറിക്കാനും മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. നല്ലപോലെ കായ്ക്കുന്ന മാവിനേ കല്ലേറ് കൊള്ളൂ-മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന് കെ.എം.മാണിയോട് താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ''ഞാന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടില്ല. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഞാനല്ല ഉത്തരവാദി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയാല്‍ കൊള്ളാം''- മുഖ്യമന്ത്രി പറഞ്ഞു. 

എഴുന്നേല്‍ക്കാന്‍ വയ്യാത്തവരെപ്പോലും ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരണമെന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷയിന്‍മേല്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സഹായം നല്‍കുന്നുണ്ട്. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നേരിട്ടെത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.