പരിസ്ഥിതി ദുര്‍ബല - ലോലപ്രദേശങ്ങള്‍ വ്യത്യസ്തം

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതി ദുര്‍ബലപ്രദേശമായി 123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശവും പരിസ്ഥിതി ലോലപ്രദേശവും രണ്ടാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ദുര്‍ബലപ്രദേശം (എക്കോളിജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ഇ.എഫ്.എല്‍. ആക്ടിന്റെ കീഴില്‍ വരുന്നതാണ്. അത് വനംവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വനടത്തിപ്പും എന്ന നിയമം പൂര്‍ണമായും വനംവകുപ്പിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം പരിസ്ഥിതി ലോലപ്രദേശം (എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-ഇ.എസ്.എ.) പരിസ്ഥിതി സംരക്ഷണ ആക്ടിന്റെ പരിധിയിലാണ്. ജില്ലാഭരണകൂടത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനുമാണ് അതിന്റെ ചുമതല. ഇതിന് വനവുമായി ഒരു ബന്ധവുമില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശം പ്രഖ്യാപിച്ചിരിക്കുന്നത് ഇ.എഫ്.എല്‍. ആക്ട് അനുസരിച്ചല്ല. ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് എല്ലാ ഭയാശങ്കകളുടെയും അടിസ്ഥാനം. പരിസ്ഥിതി ലോലപ്രദേശം വനഭൂമിയല്ല. അത് പട്ടയഭൂമിയും പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയുമാണ്. ഇ.എസ്.എ. പ്രദേശത്ത് പട്ടയം കിട്ടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
123 വില്ലേജുകള്‍ നിശ്ചയിക്കാന്‍ സ്വീകരിച്ച നടപടിക്രമത്തില്‍ അപാകമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റിമോട്ട് സെന്‍സിങ് വഴിയാണ് വില്ലേജുകള്‍ നിശ്ചയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന റബ്ബര്‍പ്ലാന്റേഷന്‍ കാടായി വരാം എന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അതിന് പ്രകടമായ ഉദാഹരണം ഉണ്ടാവുകയുംചെയ്തു.
കോട്ടയം ജില്ലയിലെ മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍ തെക്കേക്കര എന്നീ മൂന്നു വില്ലേജുകള്‍ 123-ല്‍ വരും. എന്നാല്‍ അവിടെ ഒരിഞ്ച് വനഭൂമിയില്ല. റബ്ബര്‍തോട്ടമാണ്. റിമോട്ട് സെന്‍സിങ്ങില്‍ അത് തെറ്റായി മാര്‍ക്ക്‌ചെയ്തിരിക്കുന്നു. ഇത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു. ഈ നോട്ടിഫിക്കേഷന്‍ വരുന്നതിന്മുമ്പ് അവിടത്തെ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും പൂര്‍ണമായും അതേ നിലയില്‍ തുടരും.
എന്നാല്‍ ചില പ്രദേശങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്. കരം അടയ്ക്കാന്‍ തടസ്സം, ക്രയവിക്രയത്തിന് തടസ്സം, മരം വെട്ടുന്നതിന് നിയന്ത്രണം, ഭൂമിയുടെമേല്‍ വായ്പയെടുക്കാന്‍ തടസ്സം എന്നിങ്ങനെ ജനങ്ങളില്‍ ഭീതി പരത്തുന്ന നടപടികള്‍ ഉണ്ടായതായി പരാതി വന്നിട്ടുണ്ട്.
അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി രജിസ്‌ട്രേഷന്‍, ടിംബര്‍ പെര്‍മിറ്റ്, കരം സ്വീകരിക്കല്‍, ഭൂമിയുടെമേല്‍ വായ്പയെടുക്കല്‍, സ്വകാര്യഭൂമിയിലെ തടി വെട്ടാനുള്ള അവകാശം, കെട്ടിടനിര്‍മാണം തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ന് നിലവിലുള്ളതുപോലെ തുടരുന്നതിന് ഒരു പ്രശ്‌നവുമില്ല. ഒരാള്‍ക്കും അവിടെ ഒരു ബുദ്ധിമുട്ടും ഇന്നുണ്ടാവില്ല, ഭാവിയിലും ഉണ്ടാവില്ല-മുഖ്യമന്ത്രി പറഞ്ഞു.
റിമോട്ട് സെന്‍സിങ്ങിലെ തെറ്റ് വ്യക്തമായ നിലയ്ക്ക് അത് ബോധ്യപ്പെടുത്തി 123-ല്‍നിന്ന് പല വില്ലേജുകളെയും അടര്‍ത്തിയെടുക്കാം. ശേഷിക്കുന്ന വില്ലേജുകളില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും പരിഗണിച്ചാല്‍ കേരളത്തിന്റെ ആശങ്ക പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനാല്‍, വിദഗ്ധസമിതിയുമായി എല്ലാവരും സഹകരിച്ചാല്‍, അവരുടെ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാം-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാറിന് തടസ്സമില്ല. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവരും പ്രായോഗികമായ സമീപനം സ്വീകരിക്കുന്നവരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നു
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദഗ്ധസമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചുവരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ആവശ്യപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ 16 സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. അതിനുശേഷം സമിതി, സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതില്‍ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തെ ബാധിക്കുന്നതും പരാമര്‍ശിക്കുന്നതുമായ ഭാഗങ്ങളും ശുപാര്‍ശകളും മലയാളത്തിലാക്കി ഉടനെ വെബ്‌സൈറ്റിലിടും. അതിന്റെ പകര്‍പ്പുകള്‍ പഞ്ചായത്തുതലത്തില്‍വരെ എത്തിച്ചുകൊടുക്കും. എല്ലാ ജനപ്രതിനിധികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കും. താത്പര്യമുള്ളവര്‍ക്ക് ജൈവവൈവിധ്യ ബോര്‍ഡുമായി ബന്ധപ്പെട്ടാലും പകര്‍പ്പ് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.