UDF

2013, നവംബർ 5, ചൊവ്വാഴ്ച

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

മലപ്പുറം: ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരകനായി മുഖ്യമന്ത്രി ജനക്കൂട്ടത്തില്‍ ഒഴുകി നടന്നപ്പോള്‍ പ്രതിഷേധം പേരിനുമാത്രമായി. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്കപരിപാടിക്കാണ് മലപ്പുറം എം.എസ്.പി. മൈതാനം വേദിയായത്. കണ്ണൂരിലെ കല്ലേറിനുശേഷമുള്ള ആദ്യത്തേതും. കനത്ത സുരക്ഷാവലയത്തിലായിട്ടും ജനങ്ങളുടെ അടുത്തെത്തുന്ന പതിവില്‍ വലിയ വ്യത്യാസമുണ്ടായില്ല. 

'കുറച്ചുപേര്‍ക്ക് ധനസഹായം നല്‍കുന്നുവെന്നതല്ല ജനസമ്പര്‍ക്കപരിപാടിയുടെ മഹത്വം. ജനങ്ങളെ സേവിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഇത് വെളിവാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമപരിഷ്‌കരണത്തിന് കഴിയുന്നുവെന്നതാണ് വലിയ നേട്ടം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ ഫലമായി 45 ഉത്തരവുകള്‍ പുറത്തിറക്കാനായി. ഇതില്‍ 43 എണ്ണം ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞു' -ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്തിന്റെ വേഗത്തിലും പൗരന്റെ അവകാശ സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

മൊത്തം 10,171 അപേക്ഷകളാണ് പരിഗണനക്കെത്തിയത്. ഇതില്‍ 4217 എണ്ണം ജില്ലാ അധികാരികള്‍ പരിഹരിച്ചു. 2609 അപേക്ഷകള്‍ നിരസിച്ചു. മുഖ്യമന്ത്രിയുടെ പരിഗണനക്കായി എത്തിയത് 394 അപേക്ഷകളാണ്. ഇതിനുപുറമെ ആയിരക്കണക്കിന് അപേക്ഷകള്‍ അദ്ദേഹം നേരിട്ട് സ്വീകരിച്ചു. ഇവയുടെ നടപടിക്രമങ്ങള്‍ പിന്നീടാണ് നടക്കുക. ഇതിന്റെ മറുപടി അപേക്ഷകരെ നേരിട്ട് അറിയിക്കും. രാവിലെ എട്ടേമുക്കാലിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണംപോലുമൊഴിവാക്കിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ വേദിയിലെത്തി. മന്ത്രി എ.പി. അനില്‍കുമാറും ഉച്ചഭക്ഷണമുപേക്ഷിച്ച് മുഖ്യമന്ത്രിക്ക് സഹായം നല്‍കി വേദിയിലുണ്ടായിരുന്നു. 

കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരെപ്പോലും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. അപേക്ഷകരായി എത്തിയവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ മൈതാനത്തേക്ക് പ്രവേശിപ്പിച്ചത്. കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിരുന്നു. വേദിയില്‍ കയറുന്നതിനും വിലക്കുകളുണ്ടായിരുന്നു. പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു ചുറ്റും കമാന്‍ഡോകള്‍ വലയം തീര്‍ത്തു. പരാതികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനടുത്തേക്ക് എത്തിയതോടെ അധികസുരക്ഷാവലയം തീര്‍ക്കാന്‍ തണ്ടര്‍ബോള്‍ട്ടും എത്തി. പ്രതിഷേധം നടത്തുമെന്ന് പറഞ്ഞിരുന്ന നിരത്തിലും പ്രധാന പന്തലിലുമെല്ലാം നിരീക്ഷണ ക്യാമറകളും ഒരുക്കിയിരുന്നു. സുരക്ഷാച്ചുമതല നേരിട്ട് വഹിച്ചത് എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢിയും ഐ.ജി.എസ്. ഗോപിനാഥുമായിരുന്നു. ആയിരത്തി മുന്നൂറിലധികം പോലീസുകാരെയാണ് നിയോഗിച്ചത്.