UDF

2013, നവംബർ 21, വ്യാഴാഴ്‌ച

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുതിയ വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ സൗരോര്‍ജനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വൈദ്യുതി മന്ത്രി 2012 ജൂണ്‍ 29 ന് വിളിച്ച യോഗത്തിലാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന തീരുമാനം എടുത്തത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനെര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്മേലുള്ള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോള്‍ നയത്തിന് അന്തിമരൂപം നല്‍കിയത്. അത് മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

ഇതനുസരിച്ച് എല്ലാ വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്കും സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. അംഗീകൃത സൗരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.

2015 മാര്‍ച്ച് വരെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 0.25 ശതമാനം വൈദ്യുതി സോളാര്‍ ആകണം. 2015 മാര്‍ച്ചിനുശേഷം, വര്‍ഷം പത്ത് ശതമാനംവെച്ച് വര്‍ധിപ്പിക്കണം. 

2017 ല്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉല്പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ട് ആയി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു. 

പഞ്ചായത്തുകള്‍ക്കും മറ്റും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോര്‍ജം ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. നിലവിലെ ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റാനും സഹായം നല്‍കും. 

2000 മുതല്‍ 3000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 100 ലിറ്ററിന്റെ സൗരോര്‍ജ വാട്ടര്‍ ഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിര്‍ബന്ധമാക്കും. 3000 ചതുരശ്രയടിക്ക് മുകളില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും 100 ലിറ്റര്‍ സൗരോര്‍ജ വാട്ടര്‍ഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പൊതുആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണം. 

50 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവയില്‍ സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും. 

20 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള എല്‍.ടി. വ്യവസായ ഉപഭോക്താക്കള്‍, 50 കെ.വി.യില്‍ കൂടുതലുള്ള ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കും.

സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളില്‍ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവര്‍ കമ്മിറ്റി ആയിരിക്കും തീരുമാനമെടുക്കുക. സൗരോര്‍ജ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പാനല്‍ ഉണ്ടാക്കുന്നത് അനെര്‍ട്ടായിരിക്കും. 

കനാലുകള്‍, റിസര്‍വോയറുകള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ ഉല്പാദനത്തിന് സൗകര്യമൊരുക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഇവയ്‌ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നടപടി ഉണ്ടാവും. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് കെല്‍ട്രോണ്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. 

സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, കാന്റീനുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം നിര്‍ബന്ധമാക്കും. 

സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും നയരേഖയില്‍ പറയുന്നു.