UDF

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

 

ഷാര്‍ജ *അനധികൃത താമസക്കാരെ ഒഴിവാക്കുന്നതിന് സൗദിയില്‍ നിതാഖാത്ത് പദ്ധതി  നടപ്പിലാക്കിയതുമൂലം ഇന്ത്യക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സൗദിയിലെ തൊഴില്‍ പ്രശ്‌നം സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നു. എന്നാല്‍, അതു മുഴുവനും ശരിയല്ല. സൗദിയില്‍ നിന്ന് കുറേപ്പേര്‍ തിരിച്ചുവരുമെന്നത് യാഥാര്‍ഥ്യമാണ്. താമസ കുടിയേറ്റ രേഖകളില്ലാതെ അവിടെ കഴിയുന്നവര്‍ തിരിച്ചുവരേണ്ടി വരും. ഒരു രാജ്യത്ത് നിയമം നടപ്പിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. പ്രായോഗികമായി അത് ശരിയുമല്ല. നമ്മള്‍ വസിക്കുന്ന രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ നയതന്ത്ര-സുഹൃദ്-വാണിജ്യ ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിതാഖാത്ത്  മൂലം നമ്മുടെ ആളുകള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഠിനമായി ശ്രമിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചുവരുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നടപടികളുമായി നാം മുന്നൊരുക്കം നടത്തണമെന്നാണ് സൗദിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.  തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചംഗ നിയമസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. 

 

ഉന്നത സംസ്‌കാരവും ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ എവിടെയും രാജ്യത്തിന് അഭിമാനകരമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലയാളികള്‍ യുഎഇക്ക് നല്‍കിവരുന്ന സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി. മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് ആ രാജ്യത്തെ സ്‌നേഹിച്ചു കഴിയണം. മലയാളികള്‍ അത് പാലിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

 

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക സെല്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയ്ക്കകം സെല്‍ പ്രവര്‍ത്തനമാരംഭിക്കും. എയര്‍ കേരളയ്ക്കുള്ള നിയമ തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. പ്രവാസി സര്‍വേ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചു. നാട്ടിലെ ആധാര്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രവാസി ആധാര്‍കാര്‍ഡ് വിതരണം ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാര്‍ജ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ഔഖാഫ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി, കെ. ബാലകൃഷ്ണന്‍  പ്രസംഗിച്ചു