UDF

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി

കൈത്താങ്ങായി കെ.സി. ജോസഫ്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനങ്ങള്‍ സ്വീകരിക്കുന്നു

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.

തിരക്ക് നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും തങ്ങളുടെ നിവേദനം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പ്ളാസ്റ്റിക് ട്രേ നിറഞ്ഞപ്പോള്‍ ഒഴിപ്പിച്ച് വീണ്ടും വെച്ചു. പക്ഷേ, നിവേദന പ്രവാഹത്തില്‍ ട്രേ മുങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി. രക്ഷയില്ലെന്നായപ്പോള്‍ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. രണ്ടു വഴികളിലൂടെ ഒഴുകിയ നിവേദന പ്രവാഹം വേദിയില്‍ മഹാപ്രവാഹമായപ്പോള്‍ അതില്‍ നിറഞ്ഞത് പാവപ്പെട്ട പ്രവാസികളുടെ കണ്ണീരും പരിഭവങ്ങളുമായിരുന്നു.

ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍, ഓഡിറ്റോറിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും തന്നെ വളഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ സാധിക്കാതെ പലപ്പോഴും വിഷമിച്ച ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ സംഘാടകര്‍ അല്‍പം ബലപ്രയോഗം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ ജനകീയ മേളയായി. 300ലേറെ പരാതികള്‍ ലഭിച്ചു.

അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.