ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

ദുബൈ: വധശിക്ഷ വിധിച്ച പത്തനംതിട്ട സ്വദേശിയുള്‍പ്പെടെ ഷാര്‍ജ ജയിലിലുള്ള മലയാളികളുടെ മോചനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി, ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഷാര്‍ജക്ക് പിന്നാലെ ദുബൈ ജയിലിലുള്ളവരുടെ വിവരങ്ങളും ശേഖരിക്കും.
യു.എ.ഇയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് ജയില്‍ കേസുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി വരുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്‍െറ പ്രവാസികാര്യ സെക്രട്ടറി പി. ശിവദാസന്‍ ഇവിടെയെത്തിയിരുന്നു. ശിവദാസന്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലും വനിത ജയിലും സന്ദര്‍ശിച്ച് അവിടെ കഴിയുന്ന മലയാളികളില്‍ പലരെയും കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മോചനം സാധ്യമാകുന്ന കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നീക്കം തുടങ്ങിയത്.
ഉമ്മന്‍ചാണ്ടിയുടെ പരിഗണനയിലുള്ള കേസുകളില്‍ ഏറ്റവും പ്രധാനം ഇരട്ടക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അശോകന്‍േറതാണ്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അശോകന്‍ ആറ്റിങ്ങല്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു സഹപ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ആറ്റിങ്ങലിന്‍െറ സമീപ പ്രദേശത്തുള്ള ഒരാള്‍ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റു.
ഈ കേസില്‍ വധശിക്ഷ വിധിച്ച അശോകനെ രക്ഷിക്കാന്‍ അപേക്ഷിച്ച് ഭാര്യയും രണ്ടു മക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോന്നി എം.എല്‍.എ കൂടിയായ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്‍െറയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറയും സഹായത്തോടെയാണ് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ തീരുമാനിക്കുന്ന നഷ്ടപരിഹാരം വാങ്ങി ഇവര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഷാര്‍ജ കോടതിയെ രേഖാമൂലം അറിയിച്ചാല്‍ ഈ കേസില്‍ വധശിക്ഷ ഒഴിവാകും.
കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയുടെ കുടുംബവുമായും ഇതുപോലെ ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ അശോകന്‍െറ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനും ശ്രമം നടക്കുന്നു. രണ്ടു പേരുടെയും ആശ്രിതര്‍ ഇതിന് തയാറായാല്‍ നഷ്ടപരിഹാര സംഖ്യ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ശേഖരിച്ച് നല്‍കും. നേരത്തെ സൗദി അറേബ്യയിലും ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ പിടിയിലായ വ്യക്തിക്ക് പുറമെ ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളും ഷാര്‍ജ സെന്‍ട്രല്‍ ജയിലിലുണ്ട്. ഷാര്‍ജ വനിത ജയിലില്‍ 23 മലയാളികളുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും ഏജന്‍റുമാരുടെ ചതിയില്‍ കുടുങ്ങിയാണ് ജയിലില്‍ എത്തിയത്. ചിലരുടെ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍, മറ്റു ചില കേസുകളില്‍ വിചാരണ നടക്കുന്നു. സെക്സ് റാക്കറ്റിന്‍െറ ചതിയില്‍ കുടുങ്ങുകയും ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത മൂന്നു സ്ത്രീകള്‍ കൊല്ലം സ്വദേശിനികളാണ്. ഒരാള്‍ യു.എ.ഇയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഏജന്‍റ് പാസ്പോര്‍ട്ട് വാങ്ങുകയും മറ്റൊരാള്‍ക്ക് കൈമാറുകയുമായിരുന്നു. അതിനാല്‍ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടില്ല.
ഷാര്‍ജ ജയിലില്‍ കഴിയുന്നവരില്‍ പിഴ അടക്കാനുള്ളവരുടെ കാര്യത്തില്‍ പിഴ സംഖ്യ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉമ്മന്‍ചാണ്ടി നല്‍കുമെന്നാണ് സൂചന. വിവരങ്ങള്‍ ലഭിച്ചവരുടെ കേസുകളെല്ലാം പരിശോധിച്ച്, സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ യു.എ.ഇ സന്ദര്‍ശനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും.