ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാനുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലെ പാലസിലായിരുന്നു ചര്‍ച്ച.
ഉമ്മന്‍ചാണ്ടിക്ക് ശൈഖ് നഹ്യാന്‍ ഉച്ചവിരുന്ന് നല്‍കി. തുടര്‍ന്നാണ് ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ മികച്ച ബന്ധവും യു.എ.ഇയുടെ പുരോഗതിയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ പങ്കും ചര്‍ച്ചാവിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരും സന്നിഹിതരായി.
വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്‍െറ ഓഫിസിലെത്തിയത്. ചര്‍ച്ചക്കുശേഷം ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഹോട്ടല്‍ ലോബിയിലെത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അതേസമയം, യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.