ഗുജറാത്ത് കേരളത്തിനുപിന്നില്‍; മോഡിയുടെ അവകാശവാദം പൊളള: ദിഗ്‌വിജയ്

ന്യൂഡല്‍ഹി: വികസന നേതാവെന്ന നരേന്ദ്രമോഡിയുടെ അവകാശവാദം പൊളളയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. സാമൂഹിക സൂചകങ്ങളുടെ അടിസ്‌ഥാനത്തില്‍ കേരളമാണ് ഏറ്റവും വികസനമുളള സംസ്‌ഥാനം. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഹരിയാനയാണ് ഏറ്റവും മുന്നില്‍. രണ്ട് സംസ്‌ഥാനങ്ങളും കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്നും ദിഗ്‌വിജയ് പറഞ്ഞു.
ഹരിയാനയും കേരളവും ഗുജറാത്തിനു മുന്നിലാണെങ്കില്‍ ഗുജറാത്താണ് ഏറ്റവും വികസനമുളള സംസ്‌ഥാനമെന്ന് മോഡിക്ക് എങ്ങനെ അവകാശപ്പെടാനാവുമെന്നും വികസന നേതാവെന്ന അമിത പ്രശംസ തനിക്കുമേല്‍ ചൊരിയുന്നതിന് പകരം മോഡി എന്തു ചെയ്‌തുവെന്നും ദിഗ്‌വിജയ് ചോദിക്കുന്നു.
അഴിമതിയും ചുവപ്പുനാടയും വികസനത്തിനു വഴിമുടക്കുന്ന രാജ്യത്തെ് സ്വന്തം സംസ്‌ഥാനത്ത് ഏറ്റവും വേഗത്തില്‍ വികസനം സാധ്യമാക്കുന്ന മുഖ്യമന്ത്രി എന്ന വിശേഷണമാണ് മോഡി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വികസനമുദ്ര ഉയര്‍ത്തിക്കാട്ടി മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.