UDF

2013, ഏപ്രിൽ 21, ഞായറാഴ്‌ച

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

 

 

തിരൂര്‍ * തിരമാലകണക്കെ ആര്‍ത്തിരമ്പിയെത്തിയ കടലോരത്തെ ജനങ്ങളെ സാക്ഷിയാക്കി സംസ്ഥാനത്തെ വലിയ വികസന പദ്ധതികളിലൊന്നായ വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിനു വഴിയൊരുക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിഫലം നല്‍കും. ജനങ്ങളുടെ പൂര്‍ണ സമ്മതത്തോടെ, ഒരാളെയും വേദനിപ്പിക്കാതെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങളുടെയും എതിര്‍പ്പില്ലാതെത്തന്നെ പാത നടപ്പാക്കാന്‍ ശ്രമിക്കും. മുദ്രാവാക്യം വിളികളോ പ്രതിഷേധങ്ങളോ ഇല്ലാതെ പാരാതിക്കാരെ അങ്ങോട്ട് ചെന്നുകണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് പ്രശ്‌നം പരിഹരിക്കും. പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

2,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുക. മുഴുവന്‍ സ്ഥലവും വിട്ടുകിട്ടാതെയാണ് പദ്ധതിക്ക് തുക വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പകരം സര്‍ക്കാര്‍ യഥാര്‍ഥ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് ആവശ്യപ്പെട്ടു.