UDF

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.