UDF

2015, ജൂലൈ 7, ചൊവ്വാഴ്ച

ശബരി റെയില്‍ പദ്ധതി നഷ്ടപ്പെടില്ല


തിരുവനന്തപുരം: ശബരി റെയില്‍പദ്ധതി നഷ്ടപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

. ശബരി റെയില്‍ പാത കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. പുതിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പകുതി പണം കണ്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പുതിയ തീരുമാനമാണ് ശബരി റെയില്‍പാത വൈകുന്നത് കാരണമാകുന്നത്.

ശബരി പാത 1997ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഒരിക്കല്‍ കൂടി ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെയുള്ള പാത പൂര്‍ത്തിയായി. കാലടിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ കണക്കാക്കിയിരുന്നത് 517 കോടി രൂപയാണ്. എന്നാല്‍ ഇന്ന് 1566 കോടിയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കണ്ടെത്തേണ്ടത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതില്‍ കോട്ടയം ജില്ലയില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.

34.96 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതല്‍ ആലുവാവരെയായിരുന്നു പാത നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പെരിയാര്‍ ഭാഗം കടുവ ബഫര്‍ സോണായതിനാല്‍ എരുമേരിയിലേക്ക് അലൈന്റ്‌മെന്റ് മാറ്റി. പദ്ധതിക്കായി ഭൂമി നല്‍കിയവര്‍ക്ക് പണം ലഭിക്കുമോ എന്ന ആശങ്ക ഉണ്ട്. ഭൂമി ഏറ്റെടുത്തവര്‍ക്ക് പണം നല്‍കുമെന്നും സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.