UDF

2015, ജൂലൈ 7, ചൊവ്വാഴ്ച

സേവനങ്ങള്‍ വേഗമെത്തിക്കുന്നതില്‍ സര്‍ക്കാറിന് വിജയം


തിരുവനന്തപുരം: സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടിവരുന്നുവെങ്കില്‍ അക്കാര്യംകൂടി കാര്യക്ഷമമായി പരിഹരിച്ചുവേണം മുന്നോട്ടുപോകേണ്ടത് - മുഖ്യമന്ത്രി പറഞ്ഞു. 

ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ  അഞ്ചാം വര്‍ഷത്തെ പ്രമുഖ പദ്ധതികളിലൊന്നായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ് ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി.  ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടു വഴിയുമാണ് പെന്‍ഷന്‍ വിതരണം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ട്രോണിക് മണി ഓര്‍ഡര്‍ വഴിയും പെന്‍ഷന്‍ തുക എത്തിച്ചുകൊടുക്കും. മേല്‍പ്പറഞ്ഞ അഞ്ച് സ്‌കീമുകളിലായി 29,38,867 ഗുണഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കായി പ്രതിമാസം 213 കോടിയിലേറെ രൂപ വച്ച് ഒരു സാമ്പത്തിക വര്‍ഷം 2556 കോടിയിലേറെ രൂപ വിതരണം ചെയ്യും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സോഫ്ട്‌വെയറിലൂടെ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വല്‍ക്കരിക്കും. സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ള 1044 രജിസ്‌ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍  www.surekha.ikm.in എന്ന വെബ്‌സൈറ്റ് സജ്ജമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പോ സീലോ ആവശ്യമില്ലാത്തതും ഏതു ഗവണ്‍മെന്റ്" ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ അപൂര്‍ണ്ണവും നശിച്ചുപോയതുമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല. 

കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇ-പേയ്‌മെന്റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകും. തൊഴില്‍ നികുതി, ലൈസന്‍സിംഗ്, പരസ്യനികുതി, വിനോദ നികുതി മുതലായവയും ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.  വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയും ഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ജോലിഭാരവും സമയ നഷ്ടവും ലഘൂകരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഒരൊറ്റ വിന്‍ഡോയില്‍ ലഭ്യമാകുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് സമന്വയ. പ്രവര്‍ത്തന സഹായികള്‍, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗരേഖകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ മുതലായവയും സമന്വയയില്‍ ലഭ്യമാണ്. 

സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുവാന്‍ പഞ്ചായത്തുവകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും നടപ്പാക്കിയിട്ടുള്ള ആപ്ലിക്കേഷനുകളാണ് വെബ് ആപ്ലിക്കേഷനായ സുരേഖയും മൊബൈല്‍ ആപ്ലിക്കേഷനായ സമഗ്രയും. സുരേഖ www.surekha.ikm.in എന്ന വെബ് അഡ്രസ് വഴിയും സമഗ്ര ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി വിവരങ്ങള്‍, ഇ-പേയ്‌മെന്റ്, ഫയല്‍ നിജസ്ഥിതി അറിയല്‍ മുതലായ സേവനങ്ങള്‍ സൗജന്യമായി സുരേഖയിലൂടെയും സമഗ്രയിലൂടെയും ലഭ്യമാണ്.

കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നിശ്ശബ്ദ വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പദ്ധതി ഇനിമുതല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനും വിവാഹ രജിസ്‌ട്രേഷന്‍ ഒരു ദിവസത്തിനകവും നല്‍കാന്‍ കഴിയും. ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ ഡാറ്റ പാസ്‌പോര്‍ട്ട് ഓഫീസില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. വെരിഫിക്കേഷന് ഇത് ഉപയോഗിക്കാനാവുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും മന്ത്രി മുനീറും കെ.മുരളീധരന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു.