UDF

2015, ജൂലൈ 6, തിങ്കളാഴ്‌ച

യുഡിഎഫിലേക്ക് ആരെയും വിളിക്കുന്നില്ല, ആഗ്രഹം പറഞ്ഞാല്‍ ആലോചിക്കാം.


യു.ഡി.എഫിലേക്ക് ആരെയും വിളിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി പ്രവേശനത്തിന് ആരെങ്കിലും ആഗ്രഹമറിയിച്ചാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.ഐ യു.ഡി.എഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആരെയും വിളിച്ച് യു.ഡി.എഫിലേക്ക് ചേര്‍ക്കുന്ന സമീപനമില്ല. ആര്‍ക്കെങ്കിലും വരണമെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ നോക്കും. വിളിച്ചാല്‍ വരാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ടെന്‍ഷനുണ്ടാകും. അതുണ്ടാക്കാനില്ല.-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോട് അത് മാണിസാറിനോടാണ് ചോദിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.സി.ജോര്‍ജ് കേരളാകോണ്‍ഗ്രസിലെ ഒരു അംഗമാണ്.

ആ ചോദ്യം മാണിസാറിനോടാണ് ചോദിക്കേണ്ടത്. യു.ഡി.എഫിന്റെ സ്ഥാനത്തു നിന്നും അദ്ദേഹം പോയല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയാനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തന നിയന്ത്രണം കളക്ടര്‍ ആരുമായും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഈ കാലഘട്ടത്തിന് ചേര്‍ന്ന തീരുമാനമല്ലത്.

മൂന്ന് നിലയ്ക്ക് മുകളിലേക്ക് കെട്ടിടങ്ങള്‍ വേണ്ടെന്ന് പറയുന്നത് ശരിയായ നിലപാടല്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് കളക്ടര്‍ തന്നോട് പറഞ്ഞത്. അതേ കുറിച്ച് പരിശോധിക്കും. പരിസ്ഥിതി സംരക്ഷിക്കണമെന്നുള്ള നിലപാടു തന്നെയാണ് സര്‍ക്കാരിന്റേത്.

എന്നാല്‍ മൂന്ന് നിലകെട്ടിടങ്ങളേ പാടുള്ളൂവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. അതേസമയം പരിസ്ഥിതി സൗഹൃത നിര്‍മ്മാണ പ്രവര്‍ത്തനം വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു ഭേദഗതിയോടും കേരളസര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. വികസനം വേണമെന്നകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംസ്ഥാനമാണ് കേരളം.

പക്ഷേ വികസനത്തിന് വേണ്ടി ഭൂമി എടുക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥന്‍ ഒരു ത്യാഗം ചെയ്യുകയാണ്. സമൂഹത്തിന്റെ പൊതുന•യ്ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ത്യാഗം ചെയ്യുന്ന കര്‍ഷകന് ന്യായമായ നഷ്ടപരിഹാരം സമയബന്ധിതമായി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

അതുകൊണ്ടുതന്നെ  ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.