UDF

2015, മേയ് 17, ഞായറാഴ്‌ച

ആന്റണി പറഞ്ഞത് ശരി; ഉദ്ദേശിച്ചത് സര്‍ക്കാരിനെയല്ല


തിരുവനന്തപുരം: അഴിമതി സംബന്ധിച്ച് എ.കെ. ആന്റണി നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന സര്‍ക്കാരിനെ കുറിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിക്കെതിരെ ബോധവത്കരണം നടത്തുന്നതിനെക്കുറിച്ചാണ് ആന്റണി പറഞ്ഞത്. അക്കാര്യം ശരിയാണ്. എന്നാല്‍, അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കരുത്-യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം ഇനി എങ്ങോട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ അഴിമതി ഉണ്ടോ എന്ന കാര്യം ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വരും വര്‍ഷം യാഥാര്‍ഥ്യമാക്കും. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ല, ഏറ്റെടുത്തവ പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിഴിഞ്ഞം പദ്ധതിയില്‍ രഹസ്യങ്ങളൊന്നുമില്ല. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ബജറ്റ് നീക്കിയിരിപ്പ് കൊണ്ടു മാത്രം ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാവില്ല. വലിയ സംരംഭങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തവും കൂടിയേ തീരൂ.

വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. ഇപ്പോള്‍ തന്നെ നിരവധി അവസരം കേരളം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ പഴയ പോലെ തൊഴിലാളി സമരങ്ങളൊന്നുമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. ഇതിന് സിയാലിന്റെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തവും കണ്ടെത്തണം-മുഖ്യമന്ത്രി പറഞ്ഞു.