UDF

2015, ജനുവരി 9, വെള്ളിയാഴ്‌ച

കുഞ്ഞുനന്ദനയ്ക്ക് മുഖ്യമന്ത്രി താങ്ങായി; 'ഒരു ലക്ഷം' ആശ്വാസം



തിരുവനന്തപുരം* ഏഴു വയസ്സുകാരി നന്ദനയുടെ സഹായ അഭ്യര്‍ഥനയ്ക്കു മുന്നില്‍ ചുവപ്പുനാടയുടെ കുരുക്കുകള്‍ തനിയെ അഴിഞ്ഞു. ഒരിക്കല്‍ സഹായം കിട്ടിയെന്ന പരിഗണന റവന്യു അദാലത്തിലെത്തിയ നന്ദനയ്ക്കു സഹായം ലഭിക്കുന്നതിനു തടസ്സമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സലിവു കൂടിയായപ്പോള്‍ ചികില്‍സയ്ക്കായി ചെലവാക്കിയ തുകയുടെ ചെറിയൊരു പങ്ക് സര്‍ക്കാര്‍ സഹായമായി നന്ദനയ്ക്കുലഭിച്ചു. നന്ദനയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയാണു ജില്ലാതല റവന്യു സര്‍വേ അദാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. 

ബാലരാമപുരം ശ്രീകലാ ഭവനില്‍ വസന്തകുമാറിന്റെയും അനിതാകുമാരിയുടെയും മകളാണു നന്ദന. തട്ടുകട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണു വസന്തകുമാര്‍ കുടുംബം പോറ്റുന്നത്. നന്ദനയുടെ ഒരു കാലിനു ജന്മനാ ചെറിയ വൈകല്യമുണ്ടായിരുന്നു. വിദഗ്ധ പരിശോധനയില്‍ നന്ദനയെ എല്ല് പൊടിയുന്ന രോഗമാണു പിടികൂടിയിരിക്കുന്നതെന്നു ബോധ്യമായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി ഭേദമാക്കാന്‍ കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷം രൂപയോളം ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചികില്‍സാസഹായമായി ഒരു ലക്ഷം രൂപ മുന്‍പു ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയില്‍ നന്ദനയെയും ഒക്കത്തേറ്റി വസന്തകുമാര്‍ എത്തിയപ്പോള്‍ ഒരിക്കല്‍ സഹായം കിട്ടിയതാണെന്ന സര്‍ക്കാര്‍ ഓഫിസുകളിലെ പൊതുന്യായം മാറ്റിവച്ച് ഒരു ലക്ഷം രൂപ കൂടി മുഖ്യമന്ത്രി 
അനുവദിച്ചു. 

ചികില്‍സാസഹായമായി നല്‍കിയ അഞ്ചു ലക്ഷം രൂപയാണ് ഇന്നലെ നടത്തിയ റവന്യു അദാലത്തില്‍ വിതരണം ചെയ്ത ഏറ്റവും കൂടിയ ധനസഹായം. കാട്ടാക്കട സ്വദേശിക്കാണ് അഞ്ചു ലക്ഷം രൂപ ലഭിച്ചത്.