UDF

2015, ജനുവരി 5, തിങ്കളാഴ്‌ച

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി


മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ് രംഗം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കെ.എ.എസ്. ജീവനക്കാരെക്കൂടി വിശ്വാസത്തിലെടുത്തേ അത് നടപ്പാക്കൂ. അവരുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും ഒന്നിച്ചുനീങ്ങണം. സേവനം തേടി എത്തുന്നവരെ നിയമവും ചട്ടവും പറഞ്ഞ് തിരിച്ചയക്കുകയല്ല വേണ്ടത്. നിയമങ്ങളിലെ പോരായ്മകള്‍ മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അറിയിച്ച് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. എങ്കില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്ക് തിരുത്തി മുന്നോട്ടുപോകാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കാരമെന്നാണ് യു.ഡി.എഫ്. നിലപാട്. യുവാക്കളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കാനാകൂ എന്നതാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ സര്‍ക്കാറിന് മുന്നിലുള്ള പ്രതിസന്ധിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.