UDF

2015, ജനുവരി 9, വെള്ളിയാഴ്‌ച

പ്രവാസികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി


ഗാന്ധിനഗര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിതാഖാത് പോലെയുള്ള നടപടികള്‍ മൂലം പ്രവാസികള്‍ മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരെ എങ്ങനെ പുനരധിവിസിപ്പിക്കാമെന്നും അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ചില പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ അവധിക്കാലം പോലെ പ്രവാസികള്‍ നാട്ടില്‍ വരാന്‍ ഏറ്റവും തിരക്കു കൂട്ടുന്ന സമയത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂട്ടാറുണ്ടെന്നും ഈ ചൂഷണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.