UDF

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

 

 

ചെറുതോണി* സ്വന്തം പേരിലുള്ള ആദിവാസി കോളനിയിലെ താമസക്കാരുടെ ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മഴുവടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആദിവാസി കോളനി. സ്വന്തം പേരിലുള്ള കോളനിയുടെ മണ്ണില്‍ രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്. 18ന് രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി കോളനിയിലെത്തുന്നത്.   1976ല്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയില്‍ ആദിവാസികള്‍ക്കു വേണ്ടിയുള്ള ഈ കോളനി. അന്ന് ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ പ്രേരണയും പ്രചോദനവുമായിരുന്നു കോളനി രൂപീകരണത്തിന് അടിസ്ഥാനം.     

കോളനി രൂപീകരിച്ചിട്ട് 38 വര്‍ഷം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ ആദിവാസി കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പലതും സ്വപ്നമാണ്. ജനസമ്പര്‍ക്ക പരിപാടിയുമായി ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ എത്തിയപ്പോള്‍ ഊരു മൂപ്പന്‍ സുകുമാരന്‍ കാണിയുടെ നേതൃത്വത്തില്‍ കോളനിയില്‍ നിന്നു നിവേദകസംഘം എത്തി മുഖ്യമന്ത്രിയെ സ്വീകരിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുടിയിലെ ആവലാതികള്‍ക്ക് ഇനിയും പൂര്‍ണ പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മിയോടൊപ്പം ഉമ്മന്‍ ചാണ്ടി കോളനി സന്ദര്‍ശിക്കുന്നത്. കോളനിക്കാരുടെ 

ദുരിതത്തിന് അറുതി വരുത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി 18നു നടത്തുമെന്നാണ് അറിയുന്നത്.     

1976ല്‍ കോളനി രൂപീകരിച്ചപ്പോള്‍ 39 വീടുകള്‍ മാത്രമായിരുന്നു മഴുവടിയിലെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 38 വര്‍ഷം കൊണ്ട് വീടുകളുടെ എണ്ണം 85 ആയി. പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പേരിനുപോലുമില്ല. 35 വീടുകള്‍ വാസയോഗ്യമല്ലെന്നും കോളനിവാസികള്‍ പറയുന്നു. നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി കോളനിയില്‍ കുടിവെള്ളം എത്താത്തതിലും ആദിവാസികള്‍ക്ക് പ്രതിഷേധമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് സമീപ പ്രദേശത്ത് കുടിവെള്ള ലഭ്യതയ്ക്കായി കുളം നിര്‍മിച്ചെങ്കിലും ആദിവാസി ഊരുകളില്‍ ഇപ്പോഴും വെള്ളം എത്തിയിട്ടില്ല. കുടിവെള്ള വിതരണത്തിന് മതിയായ പണമില്ലാത്തതാണു കാരണം. ചുരുളി- ആല്‍പ്പാറ- ഉമ്മന്‍ ചാണ്ടി കോളനി- പട്ടയക്കുടി വഴി പൊതുമരാമത്തു റോഡിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇതിനൊപ്പം കോളനിയിലെ ചെറിയ റോഡുകളുടെ വികസനംകൂടി വേഗത്തിലാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. 

പട്ടികവര്‍ഗ വിഭാഗത്തിന് സൗജന്യമായി നല്‍കിയിരുന്ന വൈദ്യുതി വിതരണ പദ്ധതി നിര്‍ത്തലാക്കിയതോടെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ പല വീടുകളിലും മണ്ണെണ്ണ വിളക്കുകളുടെ അരണ്ട വെളിച്ചം മാത്രമാണുള്ളത്.     ഉമ്മന്‍ ചാണ്ടി ആദ്യമായി കോളനി സന്ദര്‍ശനത്തിന് എത്തുന്നതോടെ തങ്ങളുടെ ആവലാതികള്‍ക്കെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍. ഉമ്മന്‍ ചാണ്ടിക്കു കോളനിയിലേക്കു പരമ്പരാഗത രീതിയില്‍ വന്‍ സ്വീകരണം നല്‍കുന്നതിന് ഒരുങ്ങുകയാണ് കോളനി നിവാസികള്‍.