UDF

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.