UDF

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി 
ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ പാര്‍ലമെന്‍റിന് സമീപം ജന്ദര്‍മന്തറില്‍ കണ്ണൂര്‍ സ്വദേശി ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താന്‍ തീരുമാനിച്ചത്. 

തന്റെ സമരം തുടങ്ങിയ ശേഷം കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് സമരം നിര്‍ത്തിയ ശേഷം ജസീറ വാര്‍ത്താലേഖകരോടു പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളും നടപടികളും അംഗീകരിക്കുന്നു. സമരം തുടങ്ങുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. മണല്‍ മാഫിയയുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ഒരുപരിധിവരെയെങ്കിലും സമരത്തിലൂടെ സാധിച്ചു. ജനങ്ങളെ ബോധവത്കരിക്കാനും സമരത്തിലൂടെ കഴിഞ്ഞു. ഇനി പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവും. മണല്‍ മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ജസീറ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയിലെത്തിയ ജസീറയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാമുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. വി.എം.സുധീരന്‍ ഉമ്മന്‍ചാണ്ടിയുമായും ആശയവിനിമയം നടത്തി. ജസീറയുമായി സംസാരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.ലിജുവും മാത്യു കുഴല്‍നാടനും ചര്‍ച്ചയില്‍ മധ്യസ്ഥരായി. തുടര്‍ന്ന്, കേരള ഹൗസില്‍ വൈകീട്ട് മൂന്നരയോടെ മുഖ്യമന്ത്രിയുമായി ജസീറ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ സമരം നടത്തിയ നാലുമാസം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠനം തുടരാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്വകാര്യ ആവശ്യത്തിന് ചാക്കില്‍ മണല്‍ വാരിപ്പോവുന്ന നാട്ടുകാരെ തടയണമെന്ന് ജസീറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുതടയുന്നതിലെ പ്രായോഗികപ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിവരിച്ചു. ഒടുവില്‍ ജസീറ സമരം നിര്‍ത്താമെന്ന് സമ്മതിച്ചു.