UDF

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

പുതുപ്പള്ളി* മേടമാസ തലേന്നു കാര്‍ഷികസമൃദ്ധിയുടെ വിളംബരമായി മാറി പുതുപ്പള്ളി കുഴിക്കാട്ടുകടവ്, തേവര്‍കരി പാടശേഖരത്തിലെ വിളവെടുപ്പ്. ഒരു വ്യാഴവട്ടത്തിനു ശേഷം തരിശുഭൂമിയില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി എത്തിയതോടെ ചടങ്ങ് ആഘോഷമായി മാറി. പുതുപ്പള്ളി കുഴിക്കാട്ടുകടവ്-തേവര്‍കരി പാടശേഖരം, ഇരവിനല്ലൂര്‍ കിഴക്കുപുറം പാടശേഖരം അടക്കം 125 ഏക്കറോളം സ്ഥലമാണ് തരിശുഭൂമിയായി കിടന്നത്. ഇതില്‍ 75 ഏക്കറിലാണ് കൃഷി ചെയ്തത്. ബാക്കി സ്ഥലത്ത് അടുത്തവര്‍ഷം കൃഷിയിറക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുകൂടി താല്‍പര്യപ്പെട്ട പദ്ധതിയാണിത്. പഞ്ചായത്തിന്റെയും പാടശേഖര സമതിയുടേയും നേതൃത്വത്തില്‍ കരാറുകാരനെ വച്ചായിരുന്നു കൃഷി. 25 ലക്ഷം രൂപയോളമാണ് ചെലവായത്. ആര്‍കെവിവൈ പദ്ധതിയില്‍ നിന്നു കുറച്ചു തുക സബ്‌സിഡിയും ലഭിച്ചു. മൊത്തം 977 മണിക്കൂര്‍ ട്രാക്ടര്‍ പണിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, കൃഷി അസി. ഡയറക്ടര്‍മാരായ ജോര്‍ജ് സ്‌കറിയ, ഏബ്രഹാം പി. മാത്യു, കൃഷി ഓഫിസര്‍ ആര്‍. പ്രസന്നകുമാര്‍, 

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, കരാറുകാരന്‍ ജോജി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം ചാക്കോ, വി.എ. മോഹന്‍ദാസ്, പാടശേഖര സമിതി ഭാരവാഹികളായ സഖറിയാകുട്ടി പഴയതുരുത്തേല്‍, ജോണ്‍ വെട്ടുവള്ളി, ഹരിദാസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.