UDF

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

നാവികര്‍ ഇന്ത്യന്‍ നിയമത്തിന്‌ വിധേയരാകണം: ഉമ്മന്‍ചാണ്ടി


കോട്ടയം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്‌തുരയും സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. നാവികര്‍ ഇന്ത്യന്‍ നിയമത്തിനു വിധേയരാകണമെന്ന്‌ ഉമ്മന്‍ചാണ്ടി ഇറ്റാലിയന്‍ സംഘത്തോട്‌ ആവശ്യപ്പെട്ടു. നിയമം അനുസരിച്ച്‌ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ്‌ ആഗ്രഹമെന്ന്‌ മുഖ്യമന്ത്രി ഇറ്റാലിയന്‍ സംഘത്തോടു വ്യക്‌തമാക്കി. ഇതിന്‌ കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇറ്റാലിയന്‍ നിയമം അനുസരിച്ചുള്ള ശിക്ഷ നല്‍കാന്‍ മുന്‍കൈയെടുക്കാമെന്നും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്താണെന്ന്‌ ഇറ്റാലിയന്‍ മന്ത്രി ആവര്‍ത്തിച്ചു. നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ഇന്നലെ രാത്രി 11.30നാണ്‌ ഇറ്റാലിയന്‍ സംഘംമുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്‌ഥാനപതി ജിയാക്കോമോ സാന്‍ഫെലിസോ ഡി മോണ്ട്‌ഫോര്‍ട്ടെ, കോണ്‍സുലേറ്റ്‌ ജനറല്‍ ജിയോം പൗലോ ക്യുട്ടിയാലോ എന്നിവരും ഒപ്പംഎത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന്‌ ഇറ്റാലിയന്‍ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൂടിക്കാഴ്‌ച നടന്നത്‌.

സംഭവത്തില്‍ നിയമനടപടി തുടരുമെന്ന്‌ മുഖ്യമന്ത്രി സ്‌റ്റഫാന്‍ ഡി മിസ്‌തുരയെഅറിയിച്ചു. ഇറ്റാലിയന്‍ കപ്പലില്‍നിന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്‌പുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന കാര്യം വൈകാരികപ്രശ്‌നമായതിനാല്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും. ഇറ്റലിയുടെ വാദങ്ങളൊന്നും പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.ബാബു, ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌, ജില്ലാ കലക്‌ടര്‍ മിനി ആന്റണി, കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.ആര്‍.അജിത്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.