UDF

2012, ജനുവരി 5, വ്യാഴാഴ്‌ച

ശ്രീധരന്‍ വേണം; ജപ്പാന്‍പണവും വേണം-മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം പണം മുടക്കാന്‍ തയ്യാറായ ജപ്പാന്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നിര്‍ദേശവും ജപ്പാന്‍ ബാങ്കിന്റെ നിര്‍ദേശവും സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ റെയിലില്‍ ഇ.ശ്രീധരന്റ പങ്കാളിത്തം സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് കൂടിയേ തീരൂവെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ''കഴിഞ്ഞ ദിവസം കൂടി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊച്ചി മെട്രോയുമായി ശ്രീധരന്‍ സഹകരിക്കില്ല എന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കൊച്ചി മെട്രോ, കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. വിവാദങ്ങളില്‍ കുടുക്കി അത് നഷ്ടപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ആഗ്രഹമില്ല. ഇനിയും ഒന്നരക്കൊല്ലം അടിസ്ഥാന ജോലികള്‍ക്കായി ഡി.എം.ആര്‍.സിയുടെ ആള്‍ക്കാര്‍ കൊച്ചിയില്‍ തുടരുന്നുണ്ട്. അതിനിടയില്‍ കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. മെട്രോ എങ്ങനെ പണിയണമെന്ന് അഭിപ്രായം പറയാന്‍ ഞങ്ങളാരും വിദഗ്ധരല്ല. അതുകൊണ്ടാണ് ശ്രീധരന്‍ വേണമെന്ന് പറയുന്നത്. എന്നാല്‍ പദ്ധതിക്കായി വായ്പ തരുന്ന ജപ്പാന്‍ ബാങ്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള ടെന്‍ഡറാണ് അതിലൊന്ന്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് അവര്‍ വായ്പ തരുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വായ്പയെടുത്താല്‍ ആ നിബന്ധനകള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ശ്രീധരന് വ്യത്യസ്ത നിലപാടാണുള്ളതെങ്കിലും ഇത് രണ്ടുംകൂടി സമന്വയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. എന്തുതന്നെയായാലും ശ്രീധരന്‍, തന്റെ സേവനം കേരളത്തിന് വിട്ടുതരികയാണെങ്കില്‍ കൊച്ചി മെട്രോയെ സംബന്ധിച്ച് അദ്ദേഹത്തിന്‍േറതാവും അവസാന വാക്ക്''-മുഖ്യമന്ത്രി പറഞ്ഞു. പ്ലാനിങ് ബോര്‍ഡംഗം എന്ന നിലയില്‍ പന്ത്രണ്ടാം തീയതി ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തുമെന്നും അന്ന് ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെട്രോ പദ്ധതിയില്‍ അഴിമതി നടത്താന്‍ ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. അഞ്ചുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ വികസനകാര്യങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിരവധി മേഖലകളിലെ വിദഗ്ധര്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സാം പിത്രോദ 25 ന് എത്തുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ 23 ന് എത്തുന്നുണ്ട്. 2030-ലേക്കുള്ള കേരളത്തിന്റെ വികസന നയം രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് ഈ മാസം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.