UDF

2012, ജനുവരി 27, വെള്ളിയാഴ്‌ച

ഇ-മെയില്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനകം - മുഖ്യമന്ത്രി

  1. തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ കേരള പോലീസ് ഹൈടെക്‌സെല്ലില്‍ നിന്നും ചോര്‍ന്നതുസംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി. ഒരു റിസര്‍വ് സബ് ഇന്‍സ്‌പെക്ടറെ സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് എ.ഐ.ജി.ഘോറി സഞ്ജയ്കുമാറിന് ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന ചോദ്യത്തിന് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചതല്ലാതെ ദേവസ്വം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും നിയമനത്തില്‍ അപാകത ഉണ്ടെന്നുവന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളെ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് 'വിജിലന്‍സ് ക്ലിയറന്‍സ്' നിര്‍ബന്ധമാണെന്നും ഇതില്‍ ആര്‍ക്കും ഒഴിവുനല്‍കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പഞ്ചാബില്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള താരങ്ങളെ മര്‍ദിച്ചതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം പഞ്ചാബ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദര്‍നംമൂലം കളി മതിയാക്കേണ്ടിവന്ന കേരള ടീമിന് ജയിച്ചാല്‍ ലഭിക്കുമായിരുന്ന പാരിതോഷികംതന്നെ സര്‍ക്കാര്‍ നല്‍കും. ഓരോ ടീമംഗത്തിന് 35000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂരിലെ വിയ്യൂരില്‍ വൈദ്യുതി ലൈനില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ വിനോദ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപയും വൈദ്യുതി ബോര്‍ഡ് ഒരുലക്ഷം രൂപയും നല്‍കും.

സിനിമാസംവിധായകന്‍ കെ.ജി.ജോര്‍ജിന് ഒരുലക്ഷം രൂപ ചികിത്സാസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.