UDF

2012, ജനുവരി 9, തിങ്കളാഴ്‌ച

സംരംഭകരുടെ നാടാക്കി മാറ്റുകയാണ് ലക്ഷ്യം-ഉമ്മന്‍ചാണ്ടി

ജയ്പൂര്‍: ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടേയും വ്യവസായങ്ങളുടേയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നുണ്ട്. പത്തമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയാറാക്കി വരുകയാണ്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അദ്ദേഹം എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു. മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും ഇന്ന് പങ്കെടുക്കും.