UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 30, ചൊവ്വാഴ്ച

സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല


 ആക്ഷേപങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സര്‍ക്കാരിനെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടടിക്കാനാണ്  പ്രതിപക്ഷം ശ്രമിക്കുന്നത്.  ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അഴിമതിയാകില്ല.

അതിന് വ്യക്തമായ അടിസ്ഥാനമുണ്ടാകണം. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലെല്ലാം സുതാര്യമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നിട്ടും ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ അവരുടെ രാഷട്രീയ നിരാശയാണ് പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത പോലും പ്രതിപക്ഷത്തിനില്ല. അതിനാലാണ് അവര്‍ സഭ ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം സര്‍ക്കാര്‍ സഹിഷ്ണുതയോടെയാണ് കേട്ടത്. എന്നാല്‍ മറുപടി കേള്‍ക്കാനുള്ള മര്യാദ പ്രതിപക്ഷം കാണിച്ചില്ല.

ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപങ്ങളും ആരോപണങ്ങളും അന്വേഷിക്കാന്‍ തന്റേടം കാട്ടിയ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. തെറ്റു ചെയ്തിട്ടില്ലെന്ന അത്മവിശ്വാസമാണ് യു.ഡി.എഫ്  സര്‍ക്കാരിനെ അതിന് പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ താല്‍പര്യങ്ങളോടെ സര്‍ക്കിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിച്ചു.

എന്നാല്‍ അതിനെ നേരിടാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് ലഭിച്ചത് ജനപിന്തുണ കൊണ്ടുമാത്രമാണ്. ആരോപണങ്ങള്‍ നിഷ്പക്ഷവും സുതാര്യവുമായാണ് അന്വേഷിച്ചത്. നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. വികസനവും കരുതലുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ അജണ്ട. ഇതാണ് നാലുവര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്.

ബാര്‍ക്കോഴ സംബന്ധമായ ആക്ഷേപങ്ങള്‍ തെളിയിക്കുന്ന വിധത്തില്‍ ആരും മൊഴിനല്‍കിയില്ല. എന്നിട്ടും സഭയില്‍ ഇതേ വിഷയം ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും പിശക് ചൂണ്ടികാട്ടാന്‍ പ്രതിപക്ഷത്തിനായില്ല. തെളിവായി ഏതെങ്കിലും സാക്ഷി മൊഴിയോ, ആരുടെയെങ്കിലും മൊഴി ഒഴിവാക്കിയെന്നോ തരത്തിലുള്ള ഒരു ആക്ഷേപവും പ്രതിപക്ഷത്തിനില്ല.

ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിഷയത്തില്‍ പുതിതായി ഒന്നും അവര്‍ക്ക് പറയാനില്ലെന്നതാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം ബാര്‍ക്കോഴ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

തെറ്റുകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയായതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്നത്. സോളാര്‍ കേസിലും നാഷണല്‍  ഗെയിംസിലും അഴിമതി ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ തന്റേടത്തോടെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ അതില്‍ കക്ഷി ചേരാനുള്ള ആര്‍ജ്ജവം പോലും പ്രതിപക്ഷം കാണിച്ചില്ല. ദേശീയ ഗെയിംസിന്റെ നടത്തിപ്പിലും ഇടതുപക്ഷം ആക്ഷേപം ഉന്നയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സേവനാവകാശ നിയമം: പുരോഗതി വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും



 സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശനിയമം നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍  അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദ്യാര്യമല്ല, അത് പൊതുജനങ്ങളുടെ അവകാശമാണ്. അത് സമയബന്ധിതമായി ജനങ്ങള്‍ക്ക് എത്തിക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ സേവനാവകാശനിയമം നടപ്പിലാക്കിയത്. ഇതിന്റെ  പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്‍.ഐ.സിയുടെ സഹായത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഐ.എം.ജി ഡയറക്ടര്‍ അധ്യക്ഷനായി ഒരു ഓണ്‍ലൈന്‍ സംവിധാനം രൂപീകരിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിന്റെ മുന്നിലുണ്ട്.

ഇത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.എം.ജി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനാവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ ഉറപ്പു നല്‍കി.

നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയും അതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ലഭിക്കാതെ വരികയും ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ പിഴ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കി സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും സംവിധാനങ്ങളുണ്ട്. സേവനം നിഷേധിക്കപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തലങ്ങളില്‍ പരാതി നല്‍കാനും വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു



പെന്‍ഷന്‍ പ്രായം കൂട്ടില്ല



സംസ്ഥാന സര്‍വീസില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ പതിനഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപത് വയസ്സുവരെ ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 9365.98 കോടിരൂപയുടെ മദ്യമാണ് വിറ്റത്. മെയ് മാസത്തിലാണ് കൂടിയ വില്‍പന (828.18കോടി). കുറഞ്ഞ വില്‍പന ജൂണിലും (690.54കോടി). ബാറുകള്‍ പൂട്ടിയശേഷം ബിവറേജസ് ഔട്ട്‌ലെറ്റ് വഴിയുള്ള വിദേശമദ്യത്തിന്റെ വില്‍പന വര്‍ധിച്ചെങ്കിലും പൊതുവേ മദ്യവില്‍പന കുറഞ്ഞിട്ടുണ്ട്. 2014 - 15ല്‍ മദ്യവില്‍പന എട്ടുശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.


2015, ജൂൺ 29, തിങ്കളാഴ്‌ച

"അരുവിക്കരയിൽ യുഡിഎഫ് ജയിക്കും"


അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതൽ യുഡിഎഫ് വ്യക്തമായ മുൻതൂക്കം നേടിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതി: വായ്പാ കാലാവധി നീട്ടണം


ന്യൂഡല്‍ഹി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വായ്പാകാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരവികസനമന്ത്രി എം. വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ചും ഇരുവരും ചര്‍ച്ചനടത്തി. ജൈക്കയുടെ (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി) സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതിക്ക് വായ്പലഭ്യമാക്കാനുള്ള കാലാവധി 2015 ജൂലായില്‍ അവസാനിക്കും. ഇത് ദീര്‍ഘിപ്പിക്കാനുള്ള നിവേദനവും മുഖ്യമന്ത്രി നല്‍കി. 

2015, ജൂൺ 28, ഞായറാഴ്‌ച

സംസ്‌ഥാനത്തെ അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും


 അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സംസ്‌ഥാനതല കര്‍മ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്‌ മുന്നോടിയായി റോഡിന്‌ വശങ്ങളിലുള്‍പ്പെടെ ഭീതി പരത്തുന്ന മരങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്ത്‌ സ്‌കൂള്‍ ബസിന്‌ മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും


അരുവിക്കര: അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടെടുപ്പ്‌ സമയം അവസാനിച്ച ശേഷമാണ്‌ മുഖ്യമന്ത്രി നിലപാട്‌ ആവര്‍ത്തിച്ചത്. പോളിങ്‌ ശതമാനത്തിലുണ്ടായ വര്‍ധനവ്‌ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമെന്നതിന്‌ തെളിവെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 27, ശനിയാഴ്‌ച

വി.എസ്സിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം അട്ടിമറിക്കാന്‍


 വിഴിഞ്ഞം പദ്ധതിയെ അട്ടമറിക്കാന്‍ അച്ചാരം വാങ്ങിയതു പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും പ്രതിപക്ഷ നേതാവ് ഈ നിലപാട് തുടരുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നത്. 60 വര്‍ഷം എന്നൊരു കാലാവധി പുതിയ കരാറിലേയില്ല. 

പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ പത്തു ശതമാനം തുറമുഖ നടത്തിപ്പിന്റെ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനു നല്‍കണം. കൂടാതെ, നിര്‍മാണ കാലാവധിയായ നാലു വര്‍ഷത്തിനുശേഷം, തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വര്‍ഷം മുതല്‍, ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്റെ 1%, 2%, 3% എന്നീ ക്രമത്തില്‍ ഓരോ വര്‍ഷവും 1% വീതം കൂടുന്ന രീതിയില്‍ 40% വരെ റവന്യൂ വിഹിതം സര്‍ക്കാറിന് നല്‍കണം. അതായത് നാല്പതാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖ നടത്തിപ്പില്‍ നിന്നും 21% വരുമാന വിഹിതം ലഭിക്കും. 

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനു ശേഷം രണ്ടാം ഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍ മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീ ണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യ പങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന ര ണ്ടാം ഘട്ട വികസനത്തിന്റെ 41-ാം വര്‍ഷം ഇതില്‍ നിന്നും 22% വരുമാന വിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40% വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇടതുസര്‍ക്കാറിന്റെ കാലത്ത് ഉ ണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. ഇതു പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു.

പല പദ്ധതികളും ആരോപണങ്ങള്‍ ഉന്നയിച്ച് അട്ടിമറിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും ഇല്ലാതാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കേരളം ദശാബ്ദങ്ങളായി സ്വപ്‌നം കാണുന്ന ഈ പദ്ധതിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


വിധിയെഴുത്ത് വികസന വിരുദ്ധര്‍ക്കെതിരെ



തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചപ്പോള്‍മുതല്‍ അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നിലാണ്. രണ്ടും മൂന്നും സ്ഥാനത്തിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതുപോലെ അരുവിക്കരയില്‍ സംഭവിച്ചാലും അദ്ഭുതപ്പെടേണ്ട.

കെട്ടുറപ്പുള്ളതും അതിശക്തവുമായ ഐക്യജനാധിപത്യമുന്നണി, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, യു.ഡി.എഫ്. സര്‍ക്കാറിന്റെ സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍, 45ലക്ഷത്തോളംവരുന്ന യുവാക്കളുടെ പ്രതീകമായ സ്ഥാനാര്‍ഥി, അഞ്ചുതവണ ജയിച്ച ജി. കാര്‍ത്തികേയന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ഡലം... ശബരിയുടെ കുതിപ്പിനു നിരത്താന്‍ ഇനിയുമേറെ കാരണങ്ങളുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷം ഈ വെല്ലുവിളി സ്വീകരിച്ചില്ല. എങ്കിലും ഞാന്‍ പറഞ്ഞതിലുറച്ചുനില്‍ക്കുന്നു. 

ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി ചില വന്‍കിടപദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ ആരംഭിക്കും. വിഴിഞ്ഞം തുറമുഖപദ്ധതിയും ചിറകുവിരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇതുവരെ 1,22,391 പി.എസ്.സി. നിയമനമുള്‍പ്പെടെ 5.39 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയട്ടെ. ബാറുകള്‍ അടച്ചുപൂട്ടിയതോടെ വീടുകളില്‍ സമാധാനാന്തരീക്ഷം സംജാതമായി. അപകടങ്ങളും ആത്മഹത്യകളും കുറഞ്ഞു. 

സംസ്ഥാനത്തുനടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെറിയപതിപ്പാണ് അരുവിക്കര. അരുവിക്കരയുടെ മുക്കിലും മൂലയിലും കാര്‍ത്തികേയന്റെ സ്മരണകളുണര്‍ത്തുന്ന പ്രവൃത്തികളുണ്ട്. റോഡുകള്‍, പാലങ്ങള്‍, വെള്ളം, വെളിച്ചം, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയകാര്യങ്ങളിലെല്ലാം കാര്‍ത്തികേയന്‍ ശ്രദ്ധപതിപ്പിച്ചു. അരുവിക്കരയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇതുവരെ അനുവദിച്ചത് 399.92 കോടി രൂപയാണ്. 

യു.ഡി.എഫ്. മുന്നോട്ടുവെയ്ക്കുന്നത് വികസനത്തിലും കരുതലിലും അധിഷ്ഠിതമായ പോസിറ്റീവ് രാഷ്ട്രീയമാണ്. എന്നാല്‍, എതിരാളികളോ? ബോംബുകളും കൊടുവാളുകളുമാണ് അവരുടെ ആയുധങ്ങള്‍. ടി.പി. ചന്ദ്രശേഖരന്‍ ഭീകരമായി കൊല്ലപ്പെട്ടപ്പോള്‍, കേരളം ഓര്‍ത്തു, ഇനിയെങ്കിലും സി.പി.എം. തെറ്റുതിരുത്തുമെന്ന്. അവര്‍ തിരുത്തിയില്ലെന്നുമാത്രമല്ല, അതിഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുകയുംചെയ്യുന്നു. ഏറ്റവുമൊടുവില്‍ പാനൂരില്‍ ബോംബുനിര്‍മാണത്തിനിടയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരാണു മരിച്ചത്. ആര്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണ് ഈ ബോംബുകള്‍? അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്നത് കണ്ണൂര്‍ലോബിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഒരൊറ്റ തിരഞ്ഞെടുപ്പുവിജയംപോലും നേടാനാകാത്തതിന്റെ കാരണത്തെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തട്ടെ. 

സി.പി.എം. നേതൃത്വം ഒറ്റക്കെട്ടായി ഈനിമിഷംവരെ അരുവിക്കരയിലെ ജനങ്ങളോട് വോട്ടുചോദിച്ചിട്ടില്ല. യു.ഡി.എഫ്. നേതാക്കളെല്ലാവരും ഒറ്റക്കെട്ടായി വേദിയില്‍ അണിനിരക്കുമ്പോള്‍ സി.പി.എം. പലതട്ടിലാണ്. പ്രതിപക്ഷനേതാവ് തന്റെ വിലകുറഞ്ഞ പ്രസംഗങ്ങളുമായി ഒരുവശത്ത്. അദ്ദേഹത്തോടൊപ്പം വേദിപങ്കിടാന്‍ വിസമ്മതിച്ച് സമുന്നതനേതാക്കള്‍ മറുവശത്ത്. അതിപ്രമുഖനായ നേതാവാകട്ടെ കാണാമറയത്തും. 

വികസനമെന്നു കേള്‍ക്കുമ്പോള്‍, ചുവപ്പുകാണുന്ന കാളയെപ്പോലെയാണ് സി.പി.എം. 25വര്‍ഷത്തെ കേരളത്തിന്റെ ഏറ്റവുംവലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖപദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരം യുവാക്കള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ചെറുവിരലനക്കാതിരുന്ന മുന്‍ തുറമുഖവകുപ്പുമന്ത്രിയാണ് അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി. ഇങ്ങനെയൊരു സ്ഥാനാര്‍ഥി ജയിക്കുന്നതുകൊണ്ട് നാടിന് എന്തുപ്രയോജനം? 

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍പോകുമ്പോള്‍ പതിവുപോലെ അഴിമതിയാരോപണമുന്നയിച്ച് വിഴിഞ്ഞത്തിന് തടസ്സംസൃഷ്ടിക്കാനാണവര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ണമായും സുതാര്യമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാതിരിക്കാന്‍വേണ്ടിയുള്ള അവരുടെ ശ്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ പതറുകയില്ല. 

ഏതു തിരഞ്ഞെടുപ്പുവന്നാലും രണ്ടാമതൊരാളെ സ്ഥാനാര്‍ഥിയാക്കാനില്ലാത്ത ബി.ജെ.പി. ഒരാളെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തങ്ങളുടെ പാര്‍ട്ടിക്കാരന്‍പോലുമല്ലെന്നു വ്യക്തമാക്കപ്പെട്ട സിനിമാതാരം ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നു. പരിണതപ്രജ്ഞനായ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ യോഗങ്ങളില്‍ ആളെക്കൂട്ടാന്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ല. 

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ പ്രതിപക്ഷനേതാവിനെ സി.പി.എം. ക്വട്ടേഷന്‍ നല്‍കി അരുവിക്കരയിലേക്ക് ഇറക്കിവിട്ടിരിക്കയാണ്. വിലകുറഞ്ഞ പരിഹാസവചനങ്ങളുമായി സ്വന്തം പദവിയെ താഴ്ത്തിക്കെട്ടുന്ന അദ്ദേഹത്തോടു സഹതപിക്കാം. ദേശീയ ഗെയിംസിനെതിരെ എന്തായിരുന്നു പ്രചാരണം. സി.പി.എം. എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ അന്വേഷണംനടത്തിയ സി.ബി.ഐ., മേളയില്‍ ഒരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കയാണ്. പ്രതിപക്ഷനേതാവുതന്നെ നിരന്തരമായ നിയമപോരാട്ടം നടത്തി അഴിമതിയുടെപേരില്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചിട്ട് ഇപ്പോള്‍ അദ്ദേഹത്തെ കൂട്ടുപിടിച്ചാണ് അഴിമതിക്കെതിരെയെന്നുപറഞ്ഞ് സമരം നടത്തുന്നത്. ഇതാണ് സി.പി.എം. ഉയര്‍ത്തുന്ന എല്ലാ അഴിമതിയാരോപണങ്ങളുടെയും നിജസ്ഥിതി.

കോണ്‍ഗ്രസ്സിലെ വെള്ളിനക്ഷത്രമായിരുന്നു ജി.കെ. ആദര്‍ശത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം. അരുവിക്കരയെക്കുറിച്ച് കാര്‍ത്തികേയന്‍ ഒരു സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നു. അവ സഫലമാകാന്‍ ശബരീനാഥന് നാടിന്റെ അനുഗ്രഹമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 


2015, ജൂൺ 25, വ്യാഴാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണം


തിരുവനന്തപുരം: ദേശീയ ഗെയിംസ് ഏറ്റവും മികച്ചനിലയില്‍ സംഘടിപ്പിച്ചതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ദേശീയ െഗയിംസ് സി.ഇ.ഒ. ജേക്കബ് പുന്നൂസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും മന്ത്രിസഭായോഗം അഭിനന്ദിച്ചു. പരാതിയും അന്വേഷണവും നടക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം വൈകിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
സി.ബി.ഐ. അന്വേഷണം നടത്തി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി പോലും അതിലുണ്ടെന്നത് ദുഃഖകരമാണ്. തെളിവുകളും വ്യക്തമായ അറിവുമില്ലാതെ സംസ്ഥാനത്തിന് ഏറ്റവും അഭിമാനകരമാകുമായിരുന്ന സംരംഭത്തെ വിലയിടിച്ച് കാണിച്ചത് നിര്‍ഭാഗ്യകരമാണ്. ദേശീയ ഗെയിംസ് നടത്തുരുത്, നീട്ടിവെയ്ക്കണം, നടത്തിയാല്‍ സംഘാടകര്‍ ജയിലിലാകും എന്നൊക്കെ പറഞ്ഞു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.