UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 8, ഞായറാഴ്‌ച

ദുരിതാശ്വാസ നിധിയില്‍നിന്ന് 400 കോടി



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഇതുവരെ 400 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ മൂന്നിരട്ടിയാണിത്. സാമ്പത്തികപ്രശ്‌നങ്ങള്‍ സമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി നിശ്ചയിച്ചെങ്കിലും ഫലത്തില്‍ അതിനനുസരിച്ച ഫണ്ട് വര്‍ധനയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല കേന്ദ്രപദ്ധതികളും ഇല്ലാതായി. ഇതിനാല്‍, ഇതിനുള്ള പണം വേറെ കണ്ടെത്തേണ്ടിവരും.

ലൈറ്റ് മെട്രോ:സമയബന്ധിതമായിപൂര്‍ത്തിയാക്കും



തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

ഡി.ജി.പിയിൽ പൂര്‍ണ വിശ്വാസം



സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തെളിവായി മാധ്യമങ്ങള്‍ക്ക് നല്‍കിയ സി.ഡി.യില്‍ ഡി.ജി.പി.ക്കെതിരെ നേരിട്ട് തെളിവില്ലെന്ന് മുഖ്യമന്ത്രി. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഡി.ജി.പി.ക്കെതിരായ യാതൊന്നും പി.സി. ജോര്‍ജ് നല്‍കിയിട്ടുളള സി.ഡി.യില്‍ ഇല്ല. അത് വളരെ വ്യക്തവും പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. ആഭ്യന്തരമന്ത്രിയും ഇത് പറഞ്ഞിട്ടുണ്ട്. ഡി.ജി.പി.യില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ട് ''. അദ്ദേഹം വളരെ നല്ല പ്രവര്‍ത്തനമാണ് ഡി.ജി.പി. സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഘോഷിക്കാന്‍ മാധ്യമങ്ങളുള്ളപ്പോള്‍ അത് കൂട്ടു പിടിച്ച് ചിലര്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ്. നടത്തുന്ന സമരം സോളാര്‍ സമരം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, മാർച്ച് 6, വെള്ളിയാഴ്‌ച

'നീര'യില്‍ പ്രശ്‌നമില്ല


കൃഷിവകുപ്പും എക്‌സൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കം 'നീര' പദ്ധതിയെ ബാധിച്ചെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യത്തിലൂന്നിയാണ് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് പരമാവധി ഗുണം കിട്ടണമെന്നതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഇതില്‍ ഒരഭിപ്രായം. മറിച്ച്, എക്‌സൈസ് വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആ വകുപ്പും മുന്നോട്ടുെവച്ചു. ഇതൊന്നും പദ്ധതിയെ ബാധിക്കില്ല. നീര നിര്‍മാണത്തിലുള്ള 14 ഫാക്ടറിയുടെ പണി നടന്നുവരികയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം ലാഭകരമായി പ്രവര്‍ത്തിക്കും


വല്ലാര്‍പാടത്തെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞത്ത് നിലവില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞം-ബാലരാമപുരം റെയില്‍ ലിങ്കിന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. പൊന്നാനി ഹാര്‍ബര്‍ വികസനത്തിനായും റെയില്‍ലിങ്കിന് ധാരണയായിട്ടുണ്ട്.

കരുതല്‍-2015; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20 മുതല്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങുന്നു. കരുതല്‍-2015 എന്നാണ് ഇത്തവണ ഇതിന് പേരിട്ടിരിക്കുന്നത്.ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 11 വരെയാണ് പരിപാടി.

ഏപ്രില്‍ 20- തിരുവനന്തപുരം, 
ഏപ്രില്‍ 23-എറണാകുളം, 
ഏപ്രില്‍ 27-കോഴിക്കോട്, 
ഏപ്രില്‍ 30-പത്തനംതിട്ട, 
മെയ് നാല്-വയനാട്, 
മെയ് 11-കൊല്ലം, 
മെയ് 14-കാസര്‍കോട്, 
മെയ് 18-മലപ്പുറം, 
മെയ് 21-ആലപ്പുഴ, 
മെയ് 25-പാലക്കാട്, 
മെയ് 28-ഇടുക്കി, 
ജൂണ്‍ നാല്-തൃശ്ശൂര്‍, 
ജൂണ്‍ എട്ട്-കണ്ണൂര്‍, 
ജൂണ്‍ 11-കോട്ടയം.



2015, മാർച്ച് 5, വ്യാഴാഴ്‌ച

പി.എസ്.സി. സെക്രട്ടറി: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ഗവര്‍ണര്‍ക്ക് തീരുമാനിക്കാം


 പി.എസ്.സി. സെക്രട്ടറി നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് രണ്ട് തവണ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. പക്ഷേ, സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നിലപാടില്‍ മാറ്റംവരുത്തേണ്ടെന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതേസമയം, തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചെയര്‍മാന്‍മാത്രം വ്യത്യസ്ത നിലപാടാണല്ലോ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഒരാള്‍ അങ്ങനെനിന്നാല്‍ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംവരണം:നിലവിലുള്ളസ്ഥിതി തുടരും


പി.എസ്.സി. വഴി പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നടന്ന നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

ബജറ്റ് തടയല്‍: പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാട്

 ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം തീവ്രവാദികളുടേതിന് സമാനമായ നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവരുടേത് കൈയൂക്കിന്റെ നിലപാടാണ്. ജനാധിപത്യത്തില്‍ ഇത്തരം സമീപനങ്ങള്‍ പാടില്ല. അതിനാല്‍ അവര്‍ അത് മാറ്റണം- മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നില മോശമാകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുടെ നിലയാണ് മോശമാകാന്‍ പോകുന്നെന്ന് കാണാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാടാണെങ്കില്‍ ആ രീതിയില്‍ തന്നെ അവരെ നേരിടുമോയെന്നാരാഞ്ഞപ്പോള്‍ എല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. അത് തടുക്കാന്‍ ആര്‍ക്കും അവകാശമില്ല.

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവരുടെ വൈദ്യുതിചാര്‍ജ് സര്‍ക്കാര്‍ വഹിക്കും


നാണ്യവിളകള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ അധിക വൈദ്യുതിനിരക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന വൈദ്യുതി ബോര്‍ഡിന് സാമ്പത്തികഭാരം താങ്ങാനാവാത്തതിനാലാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.