UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജൂൺ 25, വ്യാഴാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണം


തിരുവനന്തപുരം: ദേശീയ ഗെയിംസ് ഏറ്റവും മികച്ചനിലയില്‍ സംഘടിപ്പിച്ചതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ദേശീയ െഗയിംസ് സി.ഇ.ഒ. ജേക്കബ് പുന്നൂസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും മന്ത്രിസഭായോഗം അഭിനന്ദിച്ചു. പരാതിയും അന്വേഷണവും നടക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം വൈകിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
സി.ബി.ഐ. അന്വേഷണം നടത്തി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി പോലും അതിലുണ്ടെന്നത് ദുഃഖകരമാണ്. തെളിവുകളും വ്യക്തമായ അറിവുമില്ലാതെ സംസ്ഥാനത്തിന് ഏറ്റവും അഭിമാനകരമാകുമായിരുന്ന സംരംഭത്തെ വിലയിടിച്ച് കാണിച്ചത് നിര്‍ഭാഗ്യകരമാണ്. ദേശീയ ഗെയിംസ് നടത്തുരുത്, നീട്ടിവെയ്ക്കണം, നടത്തിയാല്‍ സംഘാടകര്‍ ജയിലിലാകും എന്നൊക്കെ പറഞ്ഞു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പുതിയ ആരോപണങ്ങള്‍ അരുവിക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്


തിരുവനന്തപുരം: സോളാറിലും ബാര്‍ കോഴ വിഷയങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളുമെല്ലാം അരുവിക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഴിമതി ആരോപിച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഈ സര്‍ക്കാരിനെ ഓടിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഴിഞ്ഞത്തും സോളാറിലും ബാര്‍ കോഴയിലും ദേശീയ ഗെയിംസിലുമെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയില്ല. പ്രതിപക്ഷ ആക്ഷേപങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കത്ത് കൃത്രിമമായി നിര്‍മിച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജ കത്ത് നിര്‍മിച്ചയാളെ അറസ്റ്റ് ചെയ്തു, മാപ്പു സാക്ഷിയാക്കി. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചു. ഒളികാമറെവച്ച് നേട്ടം കൊയ്യാമെന്നു കരുതിയാല്‍ കേരളത്തില്‍ നടക്കില്ല. കോടതി വിധിയിലെ പല ഭാഗങ്ങളും മാധ്യമങ്ങളില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ സോളാര്‍ കമ്മീഷനില്‍ കക്ഷി ചേരാത്തത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പുറത്തുവരട്ടെ.

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ശബ്ദ രേഖ ബാറുടമകളുടെ കൈയിലുണ്ടെങ്കില്‍ പുറത്തുവിടണം. ഒളികാമറയിലെ സംഭാഷണം തന്റേതാണെന്ന് അംഗീകരിക്കാനോ തള്ളാനോ വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ തയ്യാറായിട്ടില്ല. സത്യം അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. മദ്യം എന്ന സാമൂഹിക വിപത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുമൂലം നഷ്ടമുണ്ടായ ബാറുടമയുടെ ആരോപണമാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. യു.ഡി.എഫിന്റെ മദ്യനയത്തിന് കിട്ടുന്ന അംഗീകാരമാകും അരുവിക്കര തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7,000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6,000 കോടിയും അഴിമതിയാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ ആരോപിച്ചു. പിന്നെ അദ്ദേഹത്തിനെ കണ്ടിട്ടില്ല. കോടിയേരി ആരോപണം ഉന്നയിച്ചപ്പോള്‍ അഴിമതി 300 കോടിയായി താഴ്ന്നു. എത്ര ലാഘവത്തോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാലാണ് ഇതുവരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റണിയെ അധിക്ഷേപിച്ചതിന് അരുവിക്കര മറുപടി നല്കും


തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയജീവിതം നയിക്കുന്ന എ.കെ.ആന്റണിയെപ്പോലെ ആദരണീയ നേതാവിനെ പ്രതിപക്ഷനേതാവ് അധിക്ഷേപിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പരനാറി പ്രയോഗത്തിന് കൊല്ലത്തെ ജനങ്ങള്‍ പിണറായി വിജയന് ചുട്ട മറുപടി കൊടുത്തിരുന്നു. അതേ നാണയത്തില്‍, പ്രതിപക്ഷ നേതാവിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ലൈറ്റ് മെട്രോ തീരുമാനം വൈകില്ല


തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ധനവകുപ്പും വെവ്വേറെ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം. മെട്രോ റെയില്‍ ഉപദേശകന്‍ ഇ. ശ്രീധരനെക്കൂടി വിശ്വാസത്തിലെടുത്താവും തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015 ജൂൺ 23, ചൊവ്വാഴ്ച

പ്രവാസി വായ്പ: ബാങ്കുകള്‍ സമീപനം മാറ്റണം



തിരുവനന്തപുരം: പൊതുജനത്തിന് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവാസി പുനഃരധിവാസ പദ്ധതികളോട് ഭൂരിപക്ഷം ബാങ്കുകളും വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമാകാന്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് മുന്നോട്ടുവന്നത്. ഇത്തരം നിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. പ്രവാസി പുനഃരധിവാസ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ തന്നെയാണ് വിദ്യഭ്യാസ വായ്പയുടെ കാര്യത്തിലും ഭവനവായ്പയുടെ കാര്യത്തിലുമുള്ള ബാങ്കുകളുടെ സമീപനം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

വിദ്യഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ വായ്പാ തുകയില്‍ ഇളവ് നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണം. വിദ്യഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുമുന്നണി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കന്‍ ശ്രമിക്കുന്നു


തിരുവനന്തപുരം: അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന് ഉപകാരപ്രദായ കാര്യങ്ങള്‍ ചെയ്ത് ജനപിന്തുണ നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതോടെയാണ് അക്രമത്തിലൂടെ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

സ്വന്തം പാര്‍ട്ടിക്കാരെ ബോംബുണ്ടാക്കാനും ബോംബെറിയാനും ഒടുവില്‍ രക്തസാക്ഷിയാക്കാനുമാണ് സി.പി.എം ശ്രമം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷമെങ്കിലും ഇടതു മുന്നണി അക്രമം വെടിയുമെന്ന് കരുതിയിരുന്ന കേരള ജനതയാണ് യഥാര്‍ത്ഥില്‍ മണ്ടന്‍മാരായത്. ജനങ്ങളെ അക്രമഭീഷണിയിലൂടെ നിശബ്ദരാക്കാമെന്ന ധാരണ ഉപേക്ഷിക്കാന്‍ ഇടതുമുന്നണിക്കാകുന്നില്ല.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മിന് വോട്ടിലൂടെ മറുപടി പറയാനുള്ള സുവര്‍ണ്ണാവസരമാണ് അരുവിക്കരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര കരുമലക്കോട് നടന്ന കുടുംബയോഗതത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് നന്മ ചെയ്യാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനും സ്റ്റാര്‍ട്ട് അപ് പദ്ധതിയിലൂടെ യുവാക്കളെ തൊഴില്‍ ധാതാക്കളാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ചെറുപ്പക്കാരെ ബോംബുണ്ടാക്കാനാണ് ഇടതുമുന്നണി പഠിപ്പിക്കുന്നത്.

ഈ നാലു കൊല്ലം കൊണ്ട് ഐ.ടി കയറ്റുമതി 3,000 കോടിയില്‍ നിന്നും 10,000 കോടിയാക്കാനും നമുക്ക് സാധിച്ചു. എന്നാല്‍ ഇതൊക്കെ എത്ര വര്‍ഷം മുമ്പ് തന്നെ സാധിക്കുമായിരുന്നെന്ന വസ്തുത നാം മറക്കരുത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത് കേരളത്തിന്റെ ഐ.ടി വികസനത്തെ പിറകോട്ട് കൊണ്ടുപോയവരാണ് ഇന്നിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് പിടിക്കുന്നത്. കേരളത്തിലെ വലിയൊരു കൂട്ടം യുവാക്കള്‍ കര്‍ണ്ണാടകയില്‍ പോയി ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ സൃഷ്ടിച്ചത് ഇടതുമുന്നണിയാണ്. 

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേരളത്തിനായി നടപ്പിലാക്കുന്നത് യു.ഡി.എഫ് സര്‍ക്കാരാണ്. ഏത് വികസനപദ്ധതി വരുമ്പോഴും അതിനെ അഴിമതിയുടെ പേരുപറഞ്ഞ് പുറകോട്ടടിക്കുന്നതാണ് ഇടടതുനയം. ഈ സമീപനം ഇനി തുടരാന്‍ അനുവദിക്കില്ല. പരാതികളോ, ആശങ്കകളോ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. പക്ഷേ അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങളുടെ പുറത്ത് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറല്ല. ബോംബ് രാഷ്ട്രീയം കൈമുതലായുള്ള ഇടതുമുന്നണിയോണോ, ജനനന്മ ലക്ഷ്യമിടുന്ന ഐക്യജനാധിപത്യ മുന്നണിയോണോ ഈ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അരുവിക്കരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 ജൂൺ 21, ഞായറാഴ്‌ച

സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാനാവില്ല



ആര്യനാട് : സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യോഗത്തില്‍ ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ചെറുതും വലുതുമായി വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 




സോളാര്‍ കേസിലെ വിധി: സര്‍ക്കാരിനുള്ള അംഗീകാരം



തിരുവനന്തപുരം: സോളാര്‍ കേസിലെ കോടതിവിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ കേസില്‍ സ്വതന്ത്രമായ അന്വേഷണമാണ് നടന്നതെന്നതിന്റെ തെളിവാണ് വിധി. സരിതയ്ക്ക് പണം നല്‍കിയെന്ന െഫനി ബാലകൃഷ്ണന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ പരാതിക്കാരന്‍ ബാബുരാജനെ താന്‍ കണ്ടിട്ടില്ല. തന്റെ പേരില്‍ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെകാലത്ത് ഇതുപോലൊരു പരാതി വന്നപ്പോൾ വെറും കൊടുക്കൽവാങ്ങൽ കാര്യം എന്ന നിലയിൽ ക്രിമിനൽ കേസെടുക്കേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. എന്നിട്ടാണു നിയമപരമായി മുന്നോട്ടുപോയ തങ്ങളെ അവർ വിമർശിക്കുന്നത്. ഇപ്പോള്‍ കുറ്റംചുമത്തി ശിക്ഷ വാങ്ങി നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ജൂൺ 20, ശനിയാഴ്‌ച

ഗ്രാമസഭാകൂട്ടായ്മകളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത നേടണം




തിരുവനന്തപുരം: ഗ്രാമസഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തില്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോര തെളിയിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങണം. പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടി വിലയിരുത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



2015 ജൂൺ 19, വെള്ളിയാഴ്‌ച

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അരുവിക്കര വിധിയെഴുതണം


അരുവിക്കര∙ അക്രമവും നിഷേധാത്മക രാഷ്ട്രീയവും പ്രവർത്തനശൈലിയാക്കി കേരളത്തെ നിരന്തരം അപമാനത്തിലേക്കു തള്ളിവിടുന്ന മാർക്സിസ്റ്റ് പാർട്ടിക്കെതിരെ നിർണായകമായ വിധിയെഴുതാനുള്ള അവസരം അരുവിക്കരക്കാർ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കോട്ടൂർ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമെങ്കിലും അക്രമരാഷ്ട്രീയം സിപിഎം അവസാനിപ്പിക്കുമെന്നാണു കേരള ജനത പ്രതീക്ഷിച്ചതെങ്കിൽ അതു തെറ്റിപ്പോയി എന്നാണു പാനൂരിലെ ബോംബ് സ്ഫോടനം തെളിയിക്കുന്നത് . പഴയ സ്വന്തം സഹപ്രവർത്തകനെ 51 വെട്ട് ഏൽപ്പിച്ചു മൃഗീയമായി കൊന്നവർ ആ ജനാധിപത്യവിരുദ്ധത തുടരുകയാണ്. പാനൂരിൽ കൊല്ലപ്പെട്ടയാളുടെ ചിത്രത്തിലേക്കു തനിക്ക് ഒരുതവണയേ നോക്കാൻ കഴിഞ്ഞുള്ളു. അത്രമാത്രം ഭീകരമായിരുന്നു ആ കാഴ്ച. ബോംബ് നിർമാണത്തിനിടയിലായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരച്ചടങ്ങിനു നേതൃത്വം കൊടുത്തതുമൊക്കെ സിപിഎം നേതാക്കളാണ്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് അതുമായി സിപിഎമ്മിനു ബന്ധമില്ല എന്നാണ്. ഇത് ആര് വിശ്വസിക്കാനാണ്?

നിയസഭയിൽവരെ ആക്രമമാർഗം തുടരുകയാണു സിപിഎം. ഇത്തവണ നിയമസഭ ചേർന്നപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒരു ദിവസംകൊണ്ടു പിരിയാനുള്ള നിർദേശമാണു ഭരണപക്ഷം വച്ചത്. അതു പ്രതിപക്ഷം എതിർക്കും എന്നാണു താൻ കരുതിയത്. എന്നാൽ ഒരനക്കവും ഉണ്ടായില്ല. അനുസരണയുള്ള കുട്ടികളായി അവർ മാറി. അതിനു കാരണം അരുവിക്കരയാണ്. നിയമസഭയിൽ വീണ്ടും അക്രമം തുടർന്നാൽ അത് അരുവിക്കരയിൽ പ്രതിഫലിക്കും എന്നു പേടിച്ചു.

ജനാധിപത്യത്തിന്റെ എല്ലാ സൗകര്യവും ഉപയോഗിച്ച് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടികൾ ചെയ്യുന്നവരായി സിപിഎം മാറി. മറുവശത്ത് കേരളത്തിന്റെ വികസനവും കേരള ജനതയോടുള്ള കരുതലുമാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. നാലു വർഷത്തിനിടയിൽ വിഴിഞ്ഞം ഉൾപ്പെടെ എടുത്തുകാട്ടാവുന്ന ഒരുപിടി വികസന സംരംഭങ്ങൾക്കു തുടക്കം കുറിച്ചു.

എൽഡിഎഫിന്റെ ലോട്ടറി എന്നാൽ സാന്റിയാഗോ മാർട്ടിൻ ആയിരുന്നുവെങ്കിൽ യുഡിഎഫിന്റേതു കാരുണ്യയാണ്. പാവപ്പെട്ടവനൊപ്പം, അവനു തുണയായി പ്രവർത്തിക്കുന്ന സർക്കാരാണ് ഇത്. ആ സർക്കാരിന് എട്ടു മാസം കൂടി കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാൻ അരുവിക്കരയിൽ കെ.എസ്. ശബരീനാഥന്റെ വിജയം ഉറപ്പിക്കാൻ കഴിയണം. സിപിഎമ്മിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ തൂത്തെറിയാനും ശബരിയുടെ വിജയം അനിവാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.