UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 മേയ് 18, തിങ്കളാഴ്‌ച

ഭരണത്തുടര്‍ച്ച നിശ്ചയം


സര്‍ക്കാറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ചുള്ള അഭിമുഖങ്ങള്‍ക്ക് തിരക്കുകാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തിയത് യാത്രയിലാണ്. കോട്ടയത്തുനിന്ന് ഒരു പത്രത്തിന്റെ ലേഖകനെ കൊട്ടാരക്കരവരെ ഒപ്പംകൂട്ടി സംസാരിച്ചു. അദ്ദേഹത്തെ അവിടെയിറക്കി 'മാതൃഭൂമി' ലേഖകൻ  അനീഷ് ജേക്കബിനെ തിരുവനന്തപുരത്തേക്കു കൂട്ടി. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍നിന്ന്: 

''കേരളത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്. മൂന്നു കാര്യങ്ങളാണതിലുള്ളത്. 
1. വിദ്യാഭ്യാസരംഗത്ത് കേരളത്തെ അന്താരാഷ്ട്രകേന്ദ്രമാക്കി മാറ്റുക. 
2. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക. 
3. ചുവപ്പുനാടയില്‍നിന്നുള്ള മോചനത്തിനും നടപടികള്‍ വേഗത്തിലാക്കാനും ഇഗവേണന്‍സ് സംവിധാനം എല്ലാത്തലത്തിലും കൊണ്ടുവരിക'' അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണത്തുടര്‍ച്ച നഷ്ടപ്പെടുന്ന പതിവാണുള്ളത്. അജന്‍ഡകള്‍ വരുംസര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നുണ്ടോ?

യു.ഡി.എഫ്. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനവും പ്രതിപക്ഷനിലപാടും വിലയിരുത്തുന്ന ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കേരളം എത്ര അനുഗ്രഹിക്കപ്പെട്ട നാടാണ്. സംസ്ഥാനമാകെതന്നെ ഒരു വിനോദസഞ്ചാകേന്ദ്രമാണ്. 365 ദിവസവും ഒരേ വേഷംതന്നെ ധരിച്ച് നമുക്കു ജീവിക്കാം. നെടുനീളെയുള്ള തീരദേശം, അക്ഷയഖനിയായി അറേബ്യന്‍ കടല്‍, വിദ്യാഭ്യാസമുള്ള ജനങ്ങള്‍. എന്നാല്‍ എത്രയോ അവസരങ്ങള്‍ നാം കളഞ്ഞുകുളിച്ചു. വികസനകാര്യങ്ങളിലുള്ള നിഷേധസമീപനമാണ് നമ്മെ തളച്ചിട്ടത്. യാഥാര്‍ഥ്യബോധത്തോടെയുള്ള വികസനകാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്. അതാണ് ആത്മവിശ്വാസം. 

നാലുവര്‍ഷം പിന്നിടുമ്പോള്‍ 'വികസനവും കരുതലും' എന്ന മുദ്രാവാക്യം എത്രത്തോളം വിജയിച്ചുവെന്നാണു വിലയിരുത്തല്‍? 

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, സംതൃപ്തിയുണ്ട്. വികസനത്തിനും കരുതലിനും തുല്യപ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യംമുതല്‍ സ്വീകരിച്ചത്. മുമ്പ് സംസ്ഥാനലോട്ടറി അറിയപ്പെട്ടിരുന്നത് സാന്റിയാഗൊ മാര്‍ട്ടിന്റെ പേരിലായിരുന്നു. കേന്ദ്രനിയമം മാറാതെ ഈ സ്ഥിതി മാറില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രിയുടെ ന്യായം. എന്നാല്‍, നിയമം മാറാതെതന്നെ സംസ്ഥാനലോട്ടറി കാരുണ്യയുടെ പേരിലറിയപ്പെട്ടു. 701 കോടി രൂപ പാവങ്ങള്‍ക്ക് ഇതിനോടകം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 450 കോടിയിലധികം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. ആരോഗ്യപരിരക്ഷാ പദ്ധതി. ഒരുരൂപയ്ക്ക് അരി നല്‍കി. 36,000ലധികം പേര്‍ക്ക് ഭൂമി. 

വികസനനേട്ടം ചെറുതല്ല. കൊച്ചി മെട്രൊ 2016 ജൂണിലോടും. സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ ആദ്യവിമാനം ഡിസംബര്‍ 31നിറങ്ങും. വിഴിഞ്ഞം പദ്ധതിക്ക് കരാറാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്ക് തുടക്കമാകും. 900 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. 173 നീര ലൈസന്‍സുകള്‍. ഒമ്പത് മെഡിക്കല്‍ കോളേജുകള്‍. ഉന്നതവിദ്യാഭ്യാസസ്ഥാപനമില്ലാത്ത എല്ലാ മണ്ഡലത്തിലും ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍. 1970 കോടിയുടെ ബൈപാസുകള്‍. 400 ദിവസംകൊണ്ട് 100 പാലം. മലയാളം സര്‍വകലാശാല, ഐ.ഐ.ടി.ക്ക് അംഗീകാരം, പ്രവാസിവോട്ടവകാശം, അഭിമാനകരമായ ദേശീയ ഗെയിംസ്, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ളപദ്ധതി, അധ്യാപക പാക്കേജ്.

വന്‍കിടപദ്ധതികള്‍ മുന്നോട്ടുപോകുമ്പോഴും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ദുരവസ്ഥ. കരാറുകാരുടെ കുടിശ്ശിക. മുന്‍ഗണനാക്രമത്തില്‍ മാറ്റംവേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുമുണ്ട്... 
ക്ഷേമപെന്‍ഷനുകള്‍ ഇടയ്ക്കു മുടങ്ങിയെന്ന കാര്യം ശരിയാണ്. അതൊരിക്കലും ശരിയായ നടപടിയുമല്ല. ഇതൊഴിവാക്കാനാണ് ക്ഷേമപെന്‍ഷനുകള്‍ ഇനിമുതല്‍ ബാങ്കുവഴിയാക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കും. നെല്‍ക്കര്‍ഷകര്‍ക്കുള്ള കുടിശ്ശിക മാര്‍ച്ച് വരെ നല്‍കി. ബാക്കി ഉടന്‍ നല്‍കും. 

സംതൃപ്തി നല്‍കിയ പദ്ധതികളേതാണ്? അതുപോലെ ആഗ്രഹിച്ചിട്ടും നടക്കാതെപോയതും?

തൃപ്തി നല്‍കിയത് മൂന്നു കാര്യങ്ങളാണ്: 1. ബധിരമൂക കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ചെലവില്‍ നടത്തി, അവര്‍ക്ക് മറ്റുള്ളവരെപ്പോലെയാകാന്‍ ഇടവന്നതാണ് ഏറ്റവും തൃപ്തി നല്‍കിയത്. 2. വിദ്യാര്‍ഥിസംരംഭകത്വപദ്ധതിയാണടുത്തത്. 3000ല്‍പ്പരം ആശയങ്ങളാണു വന്നത്. 900ലധികം കമ്പനികള്‍ ചെറുപ്പക്കാര്‍ തുടങ്ങി. മുമ്പ് ഒരു ഡിഗ്രി സമ്പാദിക്കുക, ജോലിനേടുക അഥവാ ഗള്‍ഫില്‍പ്പോവുകയെന്നതായിരുന്നു സ്വപ്നം. ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍തന്നെ തൊഴില്‍ദാതാക്കളാകുന്നു. 3. നീര യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. കേരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തില്‍ തെങ്ങുകര്‍ഷകര്‍ ദുരിതത്തിലാകുന്നത് എന്തൊരു വൈരുധ്യമാണ്. ഇതോടെ പ്രതിമാസം 900 രൂപ ശരാശരി വരുമാനം ഒരു തെങ്ങില്‍നിന്ന് ലഭിക്കുന്നു. 

വേണ്ടത്ര വിജയിക്കാഞ്ഞത് രണ്ടുകാര്യത്തിലാണ്: 1. വിലക്കയറ്റം തടയുന്നത്. 2. മാലിന്യസംസ്‌കരണം.

ഇത്രയധികം നേട്ടങ്ങള്‍ പറയാനുണ്ടാകുമ്പോഴും അഴിമതിയാരോപണങ്ങള്‍ ഇവയുടെ ശോഭ കെടുത്തുന്നില്ലേ? 

അഴിമതിയാരോപണങ്ങള്‍ ബാധിക്കില്ല. കാരണം അതിലൊന്നും ഒരടിസ്ഥാനവുമില്ല. സോളാര്‍ കേസില്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഒരുപൈസയുടെ ആനുകൂല്യം അവര്‍ക്കു നല്‍കിയില്ല. സര്‍ക്കാരിന് ഒന്നും നഷ്ടപ്പെട്ടുമില്ല. ഇപ്പോള്‍ ആരോപണമുന്നയിച്ചവരെ നോട്ടീസയച്ചാണ് കമ്മീഷന്‍ വിളിക്കുന്നത്. അവിടെച്ചെന്നു പറയാന്‍ അവര്‍ക്കൊന്നുമില്ലതാനും. ദേശീയ ഗെയിംസില്‍ എന്തായിരുന്നു ബഹളം. അന്വേഷണംവന്നപ്പോള്‍ എന്തെങ്കിലും കണ്ടെത്തിയോ... 

ബാര്‍ കോഴ കേസ് അത്രയും ലളിതമാണോ?

ഒരു മന്ത്രിക്കെതിരായ അന്വേഷണം ഇത്രയും ദീര്‍ഘമായും ഇടപെടലില്ലാതെയും നടന്നിട്ടുണ്ടോ. അന്വേഷണത്തെക്കുറിച്ചാര്‍ക്കും പരാതിയില്ല. പത്രങ്ങളില്‍നിന്നുള്ള വിവരംെവച്ച് മന്ത്രി മാണിക്കെതിരെ ഒരു മൊഴിയും ഇതുവരെ വന്നിട്ടുമില്ല. 

അന്വേഷണം നീളുന്നതില്‍ കേരള കോണ്‍ഗ്രസിനാണു പരാതി.

അവരുടെ പരാതി ന്യായമാണ്. ഇത്രയും നീണ്ടതിലാണു പരാതി. എന്നാല്‍, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല.

അഴിമതിക്കെതിരെ എ.കെ. ആന്റണിക്കുപോലും സംസാരിക്കേണ്ടിവന്നു...

എ.കെ. ആന്റണി ഒരു സര്‍വീസ് സംഘടനയുടെ വാര്‍ഷികത്തിനു നടത്തിയ പ്രസംഗമാണ്. അത് സമൂഹത്തിലുണ്ടാകുന്ന അഴിമതിക്കെതിരെ ജാഗ്രതപാലിക്കണമെന്ന നിര്‍ദേശമാണ്. അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചല്ല.

കോണ്‍ഗ്രസ്സുകാര്‍തന്നെയാണ് അതും വിവാദമാക്കിയത്.

വിവാദങ്ങളെ കാര്യമാക്കാതെ മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍നയം. നമ്മള്‍ തീരുമാനിച്ച കാര്യങ്ങള്‍ ചെയ്യാന്‍ വിവാദങ്ങള്‍ തടസ്സമായിട്ടില്ല. എന്റെയൊരു കാഴ്ചപ്പാട്, സര്‍ക്കാറെന്നത് ഉന്നതമായ ഒരോഫീസും അതിന്റെ നടത്തിപ്പുമല്ല. സര്‍ക്കാര്‍ എന്റേതാണെന്നും എന്റെ ആവശ്യത്തിന് സര്‍ക്കാറുണ്ടാകുമെന്നുമുള്ള തോന്നല്‍ എല്ലാവരിലുമുണ്ടാകണം. ഏറ്റവും ദുര്‍ബലരായവര്‍ക്കുപോലും സര്‍ക്കാറിനെ അനുഭവത്തിലറിയാന്‍ കഴിയണം. ഇറാഖിലും യെമനിലും ലിബിയയിലും നേപ്പാളിലും പ്രശ്‌നമുണ്ടായപ്പോള്‍ ഇടപെട്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. 

ജനസമ്പര്‍ക്കപരിപാടി പ്രതിസന്ധികളെ നേരിടാനുള്ള ഒറ്റമൂലിയായി വിലയിരുത്തപ്പെടുന്നുണ്ട്...

സര്‍ക്കാരിനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യമാണതിനുള്ളത്. ഒരു ജില്ലയില്‍ പരമാവധി 30,000 പേരായിരിക്കാം അതിനപേക്ഷനല്‍കുന്നത്. എന്നാല്‍, അതു നല്‍കുന്ന സന്ദേശം വലുതാണ്. ഒഴിവാക്കാവുന്ന നൂലാമാലകള്‍വിട്ട് സര്‍ക്കാര്‍സേവനം ലഭ്യമാക്കാന്‍ 50ല്‍പ്പരം വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നു. ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണതു ചെയ്തത്. 

വിവാദങ്ങളാണോ യു.ഡി.എഫിന്റെ ദൗര്‍ബല്യം?

ഒരു പാര്‍ട്ടിയുടെയും മേല്‍ക്കോയ്മ യു.ഡി.എഫിലില്ല. അതാണു മുന്നണിയുടെ ശക്തി. അതിനു കോട്ടംവന്നാല്‍ അതാണു ദൗര്‍ബല്യം. 

ഇപ്പോഴത്തെ എല്‍.ഡി.എഫിന്റെ ഘടനവെച്ച് അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കാനാകുമോ? യു.ഡി.എഫില്‍നിന്ന് കക്ഷികളെ അടര്‍ത്താനുള്ള അവരുടെ ശ്രമം എത്രത്തോളം ഗൗരവമുള്ളതാണ്?

യു.ഡി.എഫില്‍നിന്നു കക്ഷികളെ ലക്ഷ്യമിടുന്നത് അവരുടെ ആത്മവിശ്വാസക്കുറവിനെയാണു കാണിക്കുന്നത്. യു.ഡി.എഫില്‍നിന്ന് ആരും പോകില്ല. 

യു.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ വരുമോ?

രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്നപ്പോഴും ഞങ്ങളാരെയും ചാക്കിട്ടുപിടിച്ചില്ല. സെല്‍വരാജ് സ്വയം വന്നതാണ്. അദ്ദേഹം രാജിെവച്ചശേഷമാണ് ഞങ്ങളുമായി ചര്‍ച്ചനടക്കുന്നത്. ജനതാദള്‍ സ്വയം എല്‍.ഡി.എഫ്. വിട്ടതാണ്. ആര്‍.എസ്.പി.യും അങ്ങനെതന്നെ. ഇടതുമുന്നണിയുടെ ദൗര്‍ബല്യത്തിലല്ല, ഞങ്ങളുടെ ശക്തിയിലാണ് ഞങ്ങള്‍ക്കു വിശ്വാസം.

ഇത്രയും ആത്മവിശ്വാസമുള്ള താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ?

അതൊരു പ്രശ്‌നമേയല്ല. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതാണു കാര്യം. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും എം.എല്‍.എ.മാരും ചേര്‍ന്ന് നിശ്ചയിക്കും. 

കോണ്‍ഗ്രസില്‍നിന്ന് ഇപ്പോള്‍ത്തന്നെ നേതൃമാറ്റമെന്ന ആവശ്യം പരോക്ഷമായിട്ടെങ്കിലുമുയരുന്നുണ്ട്.

അതൊന്നുമില്ല. ആരുമതിനെ അനുകൂലിക്കുന്നുമില്ല. ഞാനും രമേശും തമ്മില്‍ നല്ല ബന്ധമാണ്.

നാലുവര്‍ഷവും സര്‍ക്കാറിനെ ബുദ്ധിമുട്ടിച്ചത് പ്രതിപക്ഷമായിരുന്നോ ഭരണപക്ഷത്തെ പ്രതിപക്ഷശബ്ദങ്ങളായിരുന്നോ?

കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ഞാനര്‍ഹിക്കുന്നതിനെക്കാള്‍ പിന്തുണ എനിക്കു കിട്ടി. ഘടകകക്ഷികള്‍ പരിധിവിട്ട ഒരു സമ്മര്‍ദവും ചെലുത്തിയില്ല. മന്ത്രിസഭായോഗത്തില്‍ ഭിന്നതയേയില്ല. എന്തെങ്കിലും തിരുത്തലുകള്‍ ഞാന്‍ നിര്‍ദേശിച്ചാല്‍ അവരതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. 

സര്‍ക്കാറിനെതിരെ പ്രതിപക്ഷം കിട്ടുന്നതെല്ലാം ആയുധമാക്കുമ്പോള്‍ എളമരം കരീമിനെതിരെയുള്ള കോഴയാരോപണം, വി.എസ്സിന്റെ മകനെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫ്. മൃദുസമീപനമാണു കൈക്കൊള്ളുന്നതെന്നു വിമര്‍ശമുണ്ട്.

പ്രതികാരരാഷ്ട്രീയം ഞങ്ങള്‍ക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടികളില്‍പ്പോലും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിമര്‍ശമുണ്ട്. 

കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ കേരളത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നോ?


രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയില്ല. പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. 

അങ്ങയുടെ സ്വന്തംസഭയായ ഓര്‍ത്തഡോക്‌സ് വിഭാഗം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്?


സഭയ്ക്ക് അങ്ങനെയൊരു നിലപാടെടുക്കാനുള്ള അവകാശമുണ്ടാകും. അതിനുള്ള ന്യായങ്ങളും കണ്ടേക്കാം. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നീതിപുലര്‍ത്തണമെന്ന ആഗ്രഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ വ്യത്യസ്തസമയത്ത് സര്‍ക്കാറിനോടു പ്രതിഷേധിച്ചിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ പോയത് പണ്ടേയുള്ള പതിവനുസരിച്ചാണ്. മുമ്പും മുഖ്യമന്ത്രിമാര്‍ അങ്ങനെയാണു ചെയ്തിരിക്കുന്നത്. അന്നൊന്നും പ്രശ്‌നമുണ്ടായില്ലല്ലോ. 

2015 മേയ് 17, ഞായറാഴ്‌ച

അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനെ കെട്ടിയിടാനാവില്ല


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനെതിരെ കുറിച്ച് പോലും ആരോപണം ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ അതൊക്കെ മറന്നു. ഏത് ആരോപണം ഉണ്ടായാലും അതിനെ കുറിച്ച് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. എന്നാല്‍, ഈ ആരോപണങ്ങളുടെ തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണം എന്നു പറയുന്നതില്‍ ന്യായീകരണമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബാറുകള്‍ അടച്ചതുമൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യയും കുറഞ്ഞുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ അവകാശപ്പെട്ടു.

അവകാശികള്‍ക്കുള്ള വൈദ്യുതികണക്ഷന്റെ ചട്ടം ലഘൂകരിക്കും


മലപ്പുറം: സ്വന്തംപേരില്‍ വൈദ്യുതി കണക്ഷനുള്ളയാള്‍ മരിച്ചാല്‍ അവകാശികള്‍ക്ക് അത് മാറ്റിനല്‍കുന്നതിനുള്ള ചട്ടം ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നിയമ-ചട്ട ഭേദഗതികള്‍ക്കുള്ള മലപ്പുറം ജില്ലയുടെ നിര്‍ദ്ദേശങ്ങള്‍ക്കുളള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ 'കരുതല്‍' വേദിയില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇതിനുള്ള ഉറപ്പ് നല്‍കിയതായും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.

സാങ്കേതിക തടസ്സംമൂലം തീരുമാനമാകാത്ത പൊതുവിഷയങ്ങളില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ കഴിയുന്നത് വലിയ നേട്ടമാണ്. ഇത്തരത്തില്‍ 45 ഉത്തരവുകളാണ് ഇതുവരെ ഭേദഗതി വരുത്തിയത്. ചട്ടങ്ങളിലെ ഭേദഗതികള്‍ ന്യായമായും ചെയ്യേണ്ടതാണെന്ന് ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്നപക്ഷം നിലവിലെ നിയമമനുസരിച്ച് പറ്റുന്നവയല്ലെങ്കില്‍ പോലും നീതിയുക്തമായ മാറ്റങ്ങള്‍വരുത്തി തീരുമാനമെടുക്കും.

സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഒരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂല തീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെ പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും വേഗം നടപ്പാക്കുന്ന 18 പദ്ധതികളുടെ പ്രഖ്യാപനവും ഉമ്മന്‍ചാണ്ടി നടത്തി. ചരിത്രമ്യൂസിയം, നിളസംരക്ഷണം എന്നിവയാണിതില്‍ പ്രധാന പദ്ധതികള്‍.

ആന്റണി പറഞ്ഞത് ശരി; ഉദ്ദേശിച്ചത് സര്‍ക്കാരിനെയല്ല


തിരുവനന്തപുരം: അഴിമതി സംബന്ധിച്ച് എ.കെ. ആന്റണി നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന സര്‍ക്കാരിനെ കുറിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിക്കെതിരെ ബോധവത്കരണം നടത്തുന്നതിനെക്കുറിച്ചാണ് ആന്റണി പറഞ്ഞത്. അക്കാര്യം ശരിയാണ്. എന്നാല്‍, അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കരുത്-യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം ഇനി എങ്ങോട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ അഴിമതി ഉണ്ടോ എന്ന കാര്യം ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വരും വര്‍ഷം യാഥാര്‍ഥ്യമാക്കും. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ല, ഏറ്റെടുത്തവ പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിഴിഞ്ഞം പദ്ധതിയില്‍ രഹസ്യങ്ങളൊന്നുമില്ല. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ബജറ്റ് നീക്കിയിരിപ്പ് കൊണ്ടു മാത്രം ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാവില്ല. വലിയ സംരംഭങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തവും കൂടിയേ തീരൂ.

വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. ഇപ്പോള്‍ തന്നെ നിരവധി അവസരം കേരളം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ പഴയ പോലെ തൊഴിലാളി സമരങ്ങളൊന്നുമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. ഇതിന് സിയാലിന്റെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തവും കണ്ടെത്തണം-മുഖ്യമന്ത്രി പറഞ്ഞു.

2015 മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.

2015 മേയ് 12, ചൊവ്വാഴ്ച

മേഖലാജാഥ: മാണിയുമായി ചര്‍ച്ച ചെയ്തില്ല



കോഴിക്കോട്: യു.ഡി.എഫിന്റെ മേഖലാജാഥ മാറ്റിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ധനമന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച നടന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം ചൊവ്വാഴ്ചത്തെ യു.ഡി.എഫ്. നേതൃയോഗത്തിലുണ്ടാകും. 

ഞായറാഴ്ച മാണിയെ കണ്ടപ്പോള്‍ പതിവ് കാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളൂ. അതെല്ലാം മാധ്യമങ്ങളോട് പറയാനാകില്ല. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.

ബാര്‍ കോഴക്കേസ് അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാഥകള്‍ മാറ്റിവെക്കണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണറിപ്പോര്‍ട്ട് വന്നശേഷം മതി ജാഥയെന്നാണ് അവരുടെ നിലപാട്. ജാഥയെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. 

2015 മേയ് 5, ചൊവ്വാഴ്ച

ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും


കല്പറ്റ: ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12-ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ജില്ലയ്ക്കാവശ്യമായ ഒമ്പതിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 30-ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ ഇടപെടലിലൂടെ ലഭിച്ചു. എം.ജെ. വിജയപത്മന്‍ ചെയര്‍മാനായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റാണ് 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയത്. 700 കോടിയുടെ പദ്ധതിയാണ് മെഡിക്കല്‍ കോളേജിന്റേത്. ആദ്യഘട്ടത്തില്‍ 350 കോടി ചെലവഴിച്ച് ആസ്​പത്രിയും കോളേജും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ മെഡിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. 

എവിടെയൊക്കെയാണ് കെട്ടിടങ്ങള്‍ വേണ്ടതെന്ന കാര്യം നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് അടുത്ത പരിപാടി. ഇത് പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കേണ്ട താമസം മാത്രമേ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട്-വയനാട് ബദല്‍റോഡ് ഈ വര്‍ഷം

കല്പറ്റ: കോഴിക്കോട്- വയനാട് ബദല്‍റോഡ് നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

45 ഉത്തരവുകളുണ്ടായത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടം


 ആദ്യ ജനസമ്പര്‍ക്കപരിപാടിക്കു ശേഷം 45 ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനു സാധിച്ചത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്പറ്റ എസ്.കെ.എം.ജെ. മൈതാനത്ത് 'കരുതല്‍ 2015' ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലോചിതവും നീതിയുക്തവുമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഓരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 
ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂലതീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെപോവില്ല. എല്ലാ പരാതികളിലും എന്തെങ്കിലുംവിധത്തില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റുമോയെന്നു പരിശോധിക്കും. അനുകൂലതീരുമാനമെടുക്കാവുന്നവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

2015 മേയ് 4, തിങ്കളാഴ്‌ച

ജനതാദള്‍-യുവിന്റെ ആവശ്യം ന്യായം, പ്രശ്‌നം പരിഹരിക്കും


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റിലെ തോല്‍വിയെക്കുറിച്ചന്വേഷിച്ച യു.ഡി.എഫ്. സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെ ജനതാദള്‍-യു ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളിലൂടെ അത് അനുഭാവപൂര്‍വം പരിഹരിക്കും. ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാറിന്റെ വസതിയിലെത്തി, 45മിനുട്ടുനീണ്ട ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറുമായി സംസാരിക്കും. ജനതാദളുന്നയിച്ച എല്ലാ ആവശ്യങ്ങളും തുടര്‍ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ എന്തെങ്കിലും സ്ഥാനത്തെച്ചൊല്ലിയാണു തര്‍ക്കങ്ങളുണ്ടാവുക. ഇവിടെ പ്രശ്‌നം തീര്‍ത്തും രാഷ്ട്രീയമാണ്. എല്‍.ഡി.എഫ്. വിട്ട് 2009-ല്‍ വന്നപ്പോള്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ്. സമ്മതിച്ചതാണ്. എന്നാല്‍, രാഷ്ട്രീയമായ നിലപാടെടുത്ത് വന്ന തങ്ങള്‍ക്കു സീറ്റ് വേണ്ടെന്നുപറഞ്ഞ് അതു സ്വീകരിക്കാന്‍ ജനതാദള്‍-യു തയ്യാറായില്ല.

പാലക്കാട് തോല്‍വി സംബന്ധിച്ച യു.ഡി.എഫ്. റിപ്പോര്‍ട്ട് ഇതുവരെ തനിക്കു കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്‍റ വിശദാംശങ്ങളെക്കുറിച്ചറിയില്ല. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി വേഗത്തിലുണ്ടാവും. ജനതാദള്‍-യു ഐക്യമുന്നണിയില്‍ വന്നശേഷം മുന്നണിഘടനയില്‍ മാറ്റംവരുത്തിയിട്ടില്ല. സംസ്ഥാനതലത്തില്‍ പ്രാതിനിധ്യം നല്‍കിയെങ്കിലും താഴെത്തട്ടിലതുണ്ടായില്ല. അതേസമയം, യു.ഡി.എഫില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മേധാവിത്വമില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച എല്ലാ പരാതികളും പൂര്‍ണമായുമുള്‍ക്കൊണ്ട് ആവശ്യമായ പരിഹാരനടപടികള്‍ താമസിയാതെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.കെ.രാഘവന്‍ എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്‍റ് കെ.സി.അബു എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

2015 മേയ് 1, വെള്ളിയാഴ്‌ച

ഒറ്റ ടെന്‍ഡറാണെങ്കിലും വിഴിഞ്ഞവുമായി മുന്നോട്ടുതന്നെ



 ഒറ്റ ടെന്‍ഡര്‍ എന്ന പ്രശ്‌നമുണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് സുതാര്യമായ നടപടികളിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറും ഫലവത്തായില്ല. മൂന്നാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ചു. 

പദ്ധതി നടക്കാതിരിക്കാന്‍ ചില കമ്പനികള്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്ത് പതിവുള്ളതാണെന്ന് പറയുന്നു. ആദ്യ രണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ് ഇപ്പോള്‍ രംഗത്ത് വന്നതെങ്കില്‍ അവര്‍ക്ക് മൂന്നാം ടെന്‍ഡറില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതാമായിരുന്നു. ഇത്തരം വേലകള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കണ്ട- മുഖ്യമന്ത്രി പറഞ്ഞു. 

ഈ ടെന്‍ഡറും വേണ്ടെന്നുെവച്ചാല്‍ ഈ പദ്ധതി തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റും പങ്കെടുത്ത രണ്ടുയോഗങ്ങള്‍ ചേര്‍ന്നു. തുടര്‍നടപടിയുണ്ടാകും -മുഖ്യമന്ത്രി വ്യക്തമാക്കി.