UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഏപ്രിൽ 25, ശനിയാഴ്‌ച

സഹായം ലഭിക്കാന്‍ തടസ്സമാകുന്ന ചട്ടങ്ങള്‍ മാറ്റാന്‍ മടിയില്ല


  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തടസ്സമാകുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ സര്‍ക്കാറിന് മടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രസക്തി. ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം മന്ത്രിസഭ ചര്‍ച്ച ചെയ്ത് 45 ഉത്തരവുകളാണിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ പരാതികളും അനുകൂലമായി തീരുമാനിക്കാനാകില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നടപടിക്രമങ്ങളും തുല്യനീതി തത്ത്വങ്ങളും സര്‍ക്കാറിന് പാലിക്കേണ്ടി വരും. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന ഒരു പരാതി പോലും പരിഗണിക്കാതെ പോകില്ല. ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

രോഗം ബാധിച്ച് കിടപ്പിലായവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഇത്തവണ നടപടി സ്വീകരിച്ചിരുന്നു. ഫോട്ടോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷകള്‍ സ്വീകരിച്ച ശേഷം കളക്ടര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതികള്‍ അവരെ വീടുകളില്‍ ചെന്ന് കണ്ട് ചികിത്സയും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇതിനു ശേഷവും ജനസമ്പര്‍ക്ക വേദിയിലേക്ക് ഇത്തരത്തില്‍ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവരെ മന്ത്രിമാരാരെങ്കിലും കണ്ട് തീരുമാനമെടുക്കും. അവര്‍ക്കുള്ള സഹായം കൃത്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

പുതുക്കിയ വീട്ടുനികുതി ഒഴിവാക്കി


വീട്ടുനികുതിയില്‍ യു.ഡി.എഫ്. ശുപാര്‍ശകള്‍ക്ക് അംഗീകാരം


 രണ്ടായിരം ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളെ വീട്ടുനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതുസംബന്ധിച്ച യു.ഡി.എഫ് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മന്ത്രിസഭാ തീരുമാനത്തോടെ 2015 ഏപ്രില്‍ ഒന്നിന് മുമ്പുള്ള നികുതിയിലേക്ക് തിരികെപ്പോകും. വര്‍ധിപ്പിച്ച നികുതി അടച്ചവര്‍ക്ക് അടുത്തവര്‍ഷത്തെ നികുതിയില്‍ അത് തട്ടിക്കിഴിച്ച് കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന വരും. പക്ഷേ ഇത് നിലവിലുള്ളതിന്റെ 25 ശതമാനത്തിലധികമാകരുത്. 

കെട്ടിടം വിപുലീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. എന്നാല്‍, ഇത് പഴയ നിരക്കിന് ആനുപാതികമായി മതി. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 500 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന നികുതിയെന്ന് കരുതുക. ആയിരം ചതുരശ്ര അടിയുടെ കൂടി വിപുലീകരണം നടന്നിട്ടുണ്ടെങ്കില്‍ ഇനി നികുതി 1000 രൂപയായിരിക്കും. 

വാണിജ്യവ്യവസായ കെട്ടിടങ്ങളുടെ വാര്‍ഷിക നികുതിയുടെ വര്‍ധന നേരത്തേ നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാകരുതെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. 

660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന് 2015 ഏപ്രില്‍ മുതലാണ് പ്രാബല്യം. 

ജനസമ്പര്‍ക്കം: കിടപ്പുരോഗികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം


 കിടപ്പുരോഗികള്‍ക്ക് അസൗകര്യമുണ്ടാകും എന്നതിനാല്‍ അത്തരം രോഗികളെ ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഇത്തരം രോഗികള്‍ക്ക് മെഡിക്കല്‍ സംഘം വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം നല്‍കും. 

നേരത്തേ അപേക്ഷ നല്‍കാത്ത കിടപ്പുരോഗികള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക ദിവസവും അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷകളിന്‍മേല്‍ ജനസമ്പര്‍ക്കത്തിനുശേഷം മെഡിക്കല്‍ സംഘത്തെ വീടുകളിലേക്കയച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി കളക്ടര്‍മാരെ അറിയിച്ചു. 

കൊല്ലം, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരുമായാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. മന്ത്രിമാരായ ഷിബുബേബിജോണ്‍, പി.കെ.ജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ലൈറ്റ് മെട്രോ: റോഡുകളുടെ വികസനത്തിന്‌ 850 കോടി


തിരുവനന്തപുരത്ത് കഴക്കൂട്ടം-കേശവദാസപുരം റോഡിന്റെ(8 കിലോമീറ്റര്‍) വീതി കൂട്ടാന്‍ 500 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ (ആറ് കിലോമീറ്റര്‍) വീതി കൂട്ടാന്‍ 350 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

മരാമത്തുപണിക്ക് പുറമേ ഭൂമിയേറ്റെടുക്കാനുള്ള ചെലവുകള്‍ക്കുമായാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലതാമസം ഒഴിവാക്കാനാണ് മരാമത്തുപണി നേരത്തെ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിരുന്നു. അവിടെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ വീതികൂട്ടല്‍ മൂലമുള്ള കാലതാമസം ഇതുമൂലം ഒഴിവാക്കാനായി. ലൈറ്റ് മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. 

ശ്രീധരനില്‍ പൂര്‍ണ വിശ്വാസം:

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇ.ശ്രീധരനില്‍ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീധരന്റെ അഭിപ്രായമറിയും. ഡല്‍ഹിയിലായതിനാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. 28ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അന്ന് സംസാരിക്കും. ഇക്കാര്യത്തില്‍  നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ട്. 

എസ്.എസ്.എല്‍.സി.: തെറ്റുകൾ തിരുത്തും


 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥിക്കും കിട്ടിയ മാര്‍ക്ക് കുറയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായതുപോലുള്ള കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ടും മറ്റും രണ്ടായിരത്തോളം പേരുടെ ഫലം വന്നിട്ടില്ല. അത് ഉടനെ പ്രസിദ്ധീകരിക്കും.

എസ്.എസ്.എല്‍.സി. ഫലം സംബന്ധിച്ച് മാധ്യമങ്ങള്‍ കാര്യങ്ങളെ  പര്‍വതീകരിക്കുകയാണുണ്ടായത്  മുഖ്യമന്ത്രി ആരോപിച്ചു. പിഴവുകള്‍ക്കുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണെന്ന്  പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഫലത്തിലെ പിഴവുകള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലാകാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. പരീക്ഷയെഴുതാത്ത വിദ്യാര്‍ഥി  ജയിച്ചിട്ടുണ്ടെങ്കിൽ  ആ കുട്ടി തോല്‍ക്കും എന്ന്  മുഖ്യമന്ത്രി മറുപടി പറഞ്ഞു.

2015 ഏപ്രിൽ 22, ബുധനാഴ്‌ച

ജെ.ഡി.യു.വിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും


 യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷിയും വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെ.ഡി.യു.വിന്റെ പരാതി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ പരാതികളില്‍ കാര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് പരിശോധിച്ചുവരികയാണ്. ഘടകകക്ഷികളുടെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കും. യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. ഇതേ മുന്നണിതന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടും. വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരാണെങ്കില്‍ എന്നേ വീഴുമായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

'കരുതലു'മായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാംഘട്ടമായ 'കരുതലുമായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്. കരുതലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു വ്യത്യസ്തമായി ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 100 പേരെ നേരിട്ടു കണ്ടു മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിക്കും. മറ്റു പരാതികള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പരിഹരിക്കും.  രണ്ടു ലക്ഷം പരാതികളാണു 14 ജില്ലകളിലായി മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജൂണ്‍ 11നു പാലക്കാട്ടു ജനസമ്പര്‍ക്ക പരിപാടി അവസാനിക്കും. 

മുന്‍ ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ചു പരാതികളുടെ എണ്ണം കുറഞ്ഞതു ശുഭസൂചനയായാണു മുഖ്യമന്ത്രി കാണുന്നത്. 2011ലെ ജനസമ്പര്‍ക്ക പരിപാടിക്ക് 5.45 ലക്ഷം പരാതികളും 2013ലെ പരിപാടിക്കു 3.21 ലക്ഷം പരാതികളും ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയായതുകൊണ്ടുതന്നെ അര്‍ഹമായ എല്ലാ പരാതികളിലും അനുകൂല നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം തേടിയവരാണ്- 66,083 പേര്‍. 

പരാതികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഇന്നലെ അവധി ദിവസമായിട്ടും തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പരാതി നല്‍കാനുള്ള സമയപരിധി തീര്‍ന്നെങ്കിലും ഇന്നു ലഭിക്കുന്ന പരാതികളും സ്വീകരിക്കും. നടപടി വൈകുമെന്നു മാത്രം. മുഖ്യമന്ത്രിയുടെ ധനസഹായം ഇത്തവണ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം ചെയ്യുക.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി


  പരാതികള്‍ക്കു പരിഹാരം തേടിയെത്തുന്ന നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍, അംഗപരിമിതിയുള്ളവരെ വേദിയിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യം, തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി വക പ്രത്യേക ഷട്ടില്‍ സര്‍വീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി. സഹായം വേദിയില്‍ തന്നെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 4000 പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലാണു പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത്. 

പന്തലിന്റെ പണി വൈകിട്ടോടെ പൂര്‍ത്തിയായി. പ്രധാനവേദിക്കു ചുറ്റുമായി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും താലൂക്ക് തിരിച്ചുള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 2000ലേറെ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി ഇന്നലെ മുതല്‍ രംഗത്തുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രണ്ടു ഷിഫ്റ്റുകളിലായി എണ്ണൂറിലേറെ പൊലീസുകാരുടെ സേവനവുമുണ്ടാകും. പരിപാടിക്ക് എത്തുന്നവരുടെ  സൗകര്യാര്‍ഥം രാവിലെ മുതല്‍ തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പരാതിയുമായി എത്തുന്നവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ക്കും മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. 

സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാരെ കൂടാതെ രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരുമടക്കം ഒരുസമയം 10 പേരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. രണ്ടു കിടക്കകളും അത്യാവശ്യ ചികില്‍സകള്‍ നല്‍കാന്‍ കൗണ്ടറില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു 108 ആംബുലന്‍സുകളും ആറു മറ്റ് ആംബുലന്‍സുകളും അടിയന്തര ആവശ്യങ്ങള്‍ക്കായി വേദിക്കരികില്‍ ഉണ്ടാകും. കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാംപും വേദിക്കരികിലായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസനിധിയില്‍ നിന്നു തുക അനുവദിച്ചവര്‍ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അതത് താലൂക്ക് കൗണ്ടര്‍ മുഖേന തുക നല്‍കും. 

അക്കൗണ്ടില്‍ മാറാവു ക്രോസ്ഡ് ചെക്കുകളാണു നല്‍കുക. അതിനാല്‍ തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.  അതില്ലാത്തപക്ഷം മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.  

കലക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്, സബ് കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, എഡിഎം: വി.ആര്‍. വിനോദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. ഇന്നു രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതല്‍ 2015 ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

സാമുദായിക സൗഹാര്‍ദം രാജ്യത്തിന്റെ ശക്തി


 രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി സാമുദായിക സൗഹാര്‍ദമാണന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു നന്മയും സ്‌നേഹവും പരസ്പരവിശ്വാസവുമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വെഞ്ചരിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനവും ഭക്തസംഘടനാ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദേവാലയങ്ങള്‍ നാടിന്റെ ചരിത്രത്തോടു ബന്ധപ്പെട്ടതാണ്. സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും വേദികളായി ദേവാലയങ്ങള്‍ മാറണം. നമ്മുടെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു നാം മറ്റുള്ളവരെ ആദരിക്കണം. നല്ല വിശ്വാസങ്ങള്‍ വരുംതലമുറയ്ക്കു പകര്‍ന്നുനല്‍കുക എന്നതാണു നമ്മുടെ കടമയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശതാബ്ദി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാനവും  മുഖ്യമന്ത്രി നിര്‍വഹിച്ചു. 

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്


 സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യരഹിത കേരളത്തിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുബോധം' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ 'സുബോധ'ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു.