UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 നവംബർ 20, ഞായറാഴ്‌ച

ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



കൊച്ചി: നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്ക് തീര്‍പ്പാക്കി. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറി. കാക്കനാട് കളക്ടറേറ്റില്‍ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു.

7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു. പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി. കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്.

അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2011 നവംബർ 19, ശനിയാഴ്‌ച

ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരുകളെ ജനത്തിന്റെ ശത്രുക്കളാക്കുന്നു



കോന്നി: സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട്‌ മോശമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ക്ക്‌ കാലതാമസം വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്‌ഥരാണ്‌ മാറിമാറിവരുന്ന സര്‍ക്കാരുകളെ ജനങ്ങളുടെ ശത്രുക്കളാക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോന്നി മിനി സിവില്‍സ്‌റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും പൊതുജനങ്ങള്‍ക്കുളള സേവനം അവകാശമാക്കിമാറ്റും. അതിനുവേണ്ടിയാണ്‌ പൊതുജനസമ്പര്‍ക്ക പരിപാടി. പൊതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഒരുപോലെ സര്‍ക്കാരിന്റെ പരിപാടികളോട്‌ സഹകരിച്ചെങ്കില്‍ മാത്രമേ ലക്ഷ്യം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

2011 നവംബർ 18, വെള്ളിയാഴ്‌ച

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി



തൃശൂര്‍: സൌമ്യയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുകയും വേഗത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു. അന്വേഷണത്തിനും കേസ് നടത്തിപ്പിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും ആഭ്യന്തരവകുപ്പിന്റെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ദൃക്്സാക്ഷികള്‍ ഇല്ലെങ്കിലും കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഏര്‍പ്പെടുത്തുന്ന കാര്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൌമ്യ കേസില്‍ അന്വേഷണത്തിനും കേസ് നടപടികള്‍ക്കും നേതൃത്വം നല്‍കിയ 17 പേര്‍ക്കാണ് മുഖ്യമന്ത്രി ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചത്.

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനപരിശോധനയുടെ പേരില്‍ കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്നരീതി പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ബി.ടി സഹകരണത്തോടെ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഇ-ചെലാന്‍ ഡിജിറ്റല്‍ പേമെന്‍റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാഹന പരിശോധനക്കിടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം. എന്നാല്‍ വാഹന പരിശോധന ഒഴിവാക്കാന്‍ കഴിയില്ല.വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ നിരക്ക് കണക്കിലെടുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ബുദ്ധിമുട്ട് ഒഴിവാക്കി പിഴഅടയ്ക്കാന്‍ ഇ-ചെലാന്‍ സിസ്റ്റം നടപ്പാക്കുന്നത്.വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ട്രാഫിക് പൊലീസിനെ വിനിയോഗിക്കാന്‍ കഴിയുന്നില്ല. പരിമിതിയില്‍ നിന്നുകൊണ്ട് ട്രാഫിക് പൊലീസിന്‍െറ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

തിരുവനന്തപുരം: സി.ബി.ഐമാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപവത്കരിക്കുമെന്ന് സര്‍ക്കാറിന്‍െറ ഒരുവര്‍ഷ കര്‍മപദ്ധതിയില്‍ പ്രഖ്യാപനം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഏജന്‍സി രൂപവത്കരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോള്‍ സെന്‍ററും ദ്രുതകര്‍മവിഭാഗവും എല്ലാ ജില്ലകളിലും ആരംഭിക്കും.

സംസ്ഥാനത്ത് പ്രത്യേക സുരക്ഷാസേന രൂപവത്കരിക്കും. ഗുണ്ടാ ആക്ടില്‍ മാറ്റംവരുത്തി ശക്തിപ്പെടുത്തും.വനിതാ ഹെല്‍പ് ഡെസ്കുകള്‍ 150 പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും.ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പൊലീസുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഏത് സ്റ്റേഷനിലെ പരാതിയും ഏത് ജനസേവനകേന്ദ്രത്തിലും നല്‍കാം. ഇതില്‍ നടപടിയെടുത്തശേഷം പരാതിക്കാരനെ വിവരം അറിയിക്കും.

ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താനും നിയമലംഘനം കണ്ടെത്താനും കേന്ദ്രീകൃത സംവിധാനം 300 കേന്ദ്രങ്ങളില്‍ കൂടി തുടങ്ങും.ഫോറന്‍സിക് ലബോറട്ടറികള്‍ക്ക് ഓഡിയോ വീഡിയോ അനാലിസിസ് ഉപകരണങ്ങള്‍ നല്‍കും. വിയ്യൂരില്‍ അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതിസ്വീകരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് തുടങ്ങും. ഹെല്‍പ് ഡെസ്കില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമുണ്ടാകും. വിജിലന്‍സ് അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അന്വേഷണങ്ങളെ മൂന്ന് വിഭാഗമായി തരംതിരിക്കും.

പൊലീസ് കമീഷണറുടെ കീഴില്‍ തിരുവനന്തപുരത്ത് ‘തിരുവനന്തപുരം സിറ്റി പൊലീസ്’എന്ന പേരില്‍ പ്രത്യേക യൂനിഫോമോടെ പൊലീസ് സംവിധാനം നടപ്പാക്കും.കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അഞ്ച് മിനിറ്റിനകം സിഫ്ട് ആക്ഷന്‍ ടീം സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം തുടങ്ങും.

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു. അതേസമയം ഇടത് മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തി സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ചതീരുമാനം വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി അടങ്കലിന്‍െറ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്.എന്നാല്‍ ഗ്രാമസഭകള്‍ കൃത്യമായി കൂടാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കണം. ഇപ്പോള്‍ ചടങ്ങിനായിമാത്രമാണ് ഗ്രാമസഭകള്‍ ചേരുന്നത്. ഗ്രാമസഭകള്‍ ചേരാത്തതിനാല്‍ അംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ ലഭിക്കാറുണ്ട്. ഗ്രാമസഭകളെ രാഷ്ട്രീയത്തിനതീതമായി കണ്ട് ശക്തിപ്പെടുത്തണം.

കേരളത്തിലൊഴികെ എല്ലായിടത്തും മലയാളികള്‍ വിജയിക്കുന്നത് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉല്‍പാദനമേഖലയിലുള്‍പ്പെടെയുള്ള നമ്മുടെ പല പ്രതിസന്ധികളും ഇച്ഛാശക്തിയുണ്ടെങ്കില്‍ തരണംചെയ്യാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. പദ്ധതി നടത്തിപ്പ് നീളുമ്പോള്‍ ചെലവ് കൂടുകയും പദ്ധതിയില്‍ നിന്നുള്ള ഫലം വൈകുകയും ചെയ്യുമന്ന് അദ്ദേഹം പറഞ്ഞു.

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: പ്രകൃതിയെ മാനിച്ചുള്ള വികസനത്തെക്കുറിച്ചേ ഇനി ചിന്തിക്കാനാവൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ധാരണയോടെ ഓരോ ചുവടും മുന്നോട്ട് നീങ്ങിയില്ളെങ്കില്‍ ആഘാതം വലുതായിരിക്കും. ഈ തിരിച്ചറിവ് രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രത്തിനുള്ളിലുമുള്ള ചര്‍ച്ചകളിലും ഇപ്പോള്‍ മുഖ്യവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനവും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളും വന്നേ മതിയാവൂ. വനസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാകണം.

കാലാവസ്ഥാ വ്യതിയാനം ലോകംമുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒന്നാണ്. പരിസ്ഥിതി സംരക്ഷണ സംസ്കാരം നമ്മുടെ ജീവിതത്തിന്‍െറ ഭാഗമാകണം. ഇക്കാര്യത്തില്‍ കുട്ടികളില്‍ കുടുതല്‍ അവബോധം ഉണ്ടാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജന സേവന മേഖല മികവുറ്റതാക്കാന്‍ നാല് സിയാല്‍ മോഡല്‍ കമ്പനികള്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍്റെ 26ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പാടാക്കിയും കാര്യക്ഷമമായി നടത്താന്‍ കഴിയും. കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി , കുടിവെള്ള വിതരണ കമ്പനി ,പൊതു ടോയിലറ്റ് കമ്പനി , ക്ളീന്‍ സിറ്റി കമ്പനി എന്നിവയാണവ.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സപ്തധാരാ പദ്ധതി എന്ന പേരിലായിരക്കും ഇത് നടപ്പില്‍ വരുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ , എയ്ഡഡ് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി, ബി.പി.എല്‍ ജന വിഭാഗങ്ങള്‍ക്കു 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നടപ്പില്‍ വരുത്തും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുവാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് ഏര്‍പ്പെടുത്തും. ഹെല്‍പ് ഡെസ്ക്കുകളില്‍ ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരിക്കും.

69.6 മെഗാവാട്ട് മൊത്തം സ്ഥാപിത ശേഷിവരുന്ന പെരിങ്ങല്‍കുത്ത്,മാങ്കുളം, അപ്പര്‍ കല്ലട, വെള്ളത്തൂവല്‍ എന്നീ നാല് ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കും. 220 കെ.വി. സബ്സ്റ്റേഷനുകളുടെയും ഒരു 66 കെ.വി. സബ്സ്റ്റേഷന്‍്റെയും പതിനഞ്ച് 33 കെ.വി. സബ്സ്റ്റേഷനുകളുടേയും പണികള്‍ പൂര്‍ത്തീകരിക്കും. 4000 കി.മീ 11 കെ.വി. ലൈനിന്‍്റെ നിര്‍മ്മാണം, 5200 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, 7000 കി.മീ സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസ്ലൈനാക്കി മാറ്റല്‍, 3,40,000 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കും. കാറ്റില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്കു പരമാവധിപ്രോത്സാഹനം നല്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിചാര്‍ജ്ജ് കേരളത്തില്‍ എവിടേയും അടയ്ക്കുവാന്‍ സംവിധാനം ഒരുക്കും.

സംസ്ഥാന റോഡ് വികസന പദ്ധതിക്ക് കീഴില്‍ 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. നബാര്‍ഡ് ധനസഹായത്തില്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം,മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ തീരദേശത്തെ പാലങ്ങളുടെ
നിര്‍മ്മാണം ഏറ്റെടുക്കും . നോക്കുകൂലിയും അമിതകൂലിയും ഇല്ലാതാക്കും. എല്ലാ പഞ്ചായത്തുകളിലും പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കും.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന 2500 കോടി രൂപ കാര്‍ഷിക വായ്പ നല്‍കുമെന്നും
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25000 കര്‍ഷകര്‍ക്ക് പലിശയില്‍ കിഴിവ് നല്‍കുമെന്നും മുഖ്യമന്ത്രിഅറിയിച്ചു.

2011 നവംബർ 17, വ്യാഴാഴ്‌ച

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശചെയ്ത തുക ബജറ്റില്‍ ഉണ്ടായിരുന്നിട്ടും അത് വിതരണംചെയ്യാത്ത അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വയനാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് അയച്ചിട്ടും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങിനെ പ്രതികരിച്ചത്. 2007-08, 2010-11 വരെയുള്ള നാലുവര്‍ഷക്കാലം ബജറ്റില്‍ കടാശ്വാസമായി വിതരണംചെയ്യാന്‍ മാറ്റിവെച്ചത് 220.8 കോടി രൂപയായിരുന്നു. എന്നാല്‍ കടാശ്വാസമായി വിതരണംചെയ്തത് 62.4 കോടി രൂപ മാത്രമായിരുന്നു. കടാശ്വാസമായി നല്‍കാന്‍ കടാശ്വാസകമ്മീഷന്‍ 89.6 കോടി രൂപ ശുപാര്‍ശചെയ്തിട്ടുള്ളതുപോലും നല്‍കാതെയാണ് പ്രതിപക്ഷ നേതാവ് കുറ്റം പറയുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കടാശ്വാസകമ്മീഷന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാതെവരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമംമൂലമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'ശതശതമാനം കേരളീയം' പദ്ധതി കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ബുക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തി കുടിശ്ശികകൂടി മുതലില്‍ എഴുതിച്ചേര്‍ത്തു. അതിനാല്‍ കുടിശ്ശികയില്ലെന്ന പേരില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതുമില്ല.

എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സി.പി.എം. എന്തിനാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും ഹൈക്കോടതിക്ക് മുന്നില്‍ ഒരേസമയം സമരവും നടത്തുകയുംചെയ്തു. ജയരാജന് ജാമ്യം അനുവദിച്ച കോടതിവിധി കൊള്ളാം. സി.പി.എം. ജനങ്ങളോട് മാപ്പ് പറയണം. ഏത് സമരവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്തായാലും അവര്‍ സമാധാനപരമായി സമരം നടത്തിയതില്‍ സന്തോഷമുണ്ട്. ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ എതിര്‍ക്കുക, അനുകൂല വിധി വരുമ്പോള്‍ സ്വീകരിക്കുക എന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. ജനാധിപത്യത്തിന്റെ ശക്തിയാണ് ജുഡീഷ്യറി. കോടതിതന്നെ അപ്പീല്‍ സ്വീകരിച്ചു. സി.പി.എം. അപ്പില്‍ പോകുന്നതിന് മുമ്പ് സമരം നടത്തുകയല്ലേ ചെയ്തത്.

ഈ കേസ്സില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിചേര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. എന്തായാലും ജുഡീഷ്യറിയെ അവഹേളിക്കുന്ന സമീപനത്തോട് സര്‍ക്കാരിന് ഒരുതരത്തിലും യോജിക്കാനാവില്ല. പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതുതന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഒരു ചോദ്യത്തിന് മറുപടി നല്‍കി. അക്കാര്യത്തിലും ഇപ്പോഴത്തെ ജയരാജന്‍ സംഭവത്തിലും ഒരേ നിലപാടുതന്നെയാണ് തന്‍േറത്. എന്നാല്‍ ഒരു പ്രസ്താവനയുടെ പേരില്‍ ജോര്‍ജിനെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ.

സൗമ്യ വധക്കേസ്സില്‍ പ്രതിക്ക് പിന്തുണ ലഭിച്ചതില്‍ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും.

സൗമ്യയുടെ സഹോദരന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത് സംബന്ധിച്ച് താന്‍ റെയില്‍വേ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തന്റെ ഒരു കത്തുകൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആ കത്ത് ഇന്നുതന്നെ താന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സദാചാര പോലീസിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതിനെ കര്‍ശനമായിതന്നെ നേരിടും. ക്രമസമാധാനപരിപാലനത്തിന് ഇവിടെ പോലീസുണ്ട്. നിയമവാഴ്ചയ്ക്ക് കോടതിയുമുണ്ട്. അതിനാല്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേഗത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിന് നവീന സാങ്കേതിക വിദ്യ ആവശ്യം - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: നവീന ആശയങ്ങളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിച്ചാലേ ചെറിയ സമയത്തിനുള്ളില്‍ വന്‍ വികസനം എന്ന കേരളത്തിന്റെ മോഹങ്ങള്‍ സാധ്യമാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വേഗത്തില്‍ വികസനം വേണമെന്നതിനാലാണ് നാല് ഏജന്‍സികളെ നിയോഗിച്ച് നാല് റെയില്‍വേ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോയും തിരുവനന്തപുരത്തെ മോണോ റെയിലും മാത്രമല്ല ഗുണനിലവാരമുള്ള റോഡുകളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. റോഡിനായി സ്ഥലമെടുക്കുമ്പോള്‍, അതിനായി ഭൂമി ത്യാഗംചെയ്യുന്നവരെ വലയ്ക്കുന്ന തരത്തിലുള്ള സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.