UDF

2016, മാർച്ച് 23, ബുധനാഴ്‌ച

ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്


കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന തിരഞ്ഞെടുപ്പാകും കേരള നിയമസഭയിലേക്ക് ഇത്തവണ നടക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്തു വിലക്കയറ്റത്തിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. 

എന്നാൽ, ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇപ്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിനാണ് കേന്ദ്രം തീരുമാനമെടുക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാധാരണക്കാർക്കു കൈമാറാൻ ഇനിയും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിഭാഗീയതയും തമ്മിലടിയും വളർത്തുന്നതിനുമാണ് ഇപ്പോൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തുടർച്ചയ്ക്കും വികസനത്തുടർച്ചയ്ക്കും സമാധാന തുടർച്ചയ്ക്കും വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു പല മണ്ഡലങ്ങളിലും നിർത്താൻ സ്ഥാനാർഥികളെ ലഭിക്കാത്ത സാഹചര്യമാണ്. സ്ഥാനാർഥികളെ കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു.