UDF

2016, മാർച്ച് 10, വ്യാഴാഴ്‌ച

സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല


മെത്രാൻ കായൽ വിഷയത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടത് സർക്കാരിന്റെ കാലത്തെ പദ്ധതിയായിരുന്നു മെത്രാൻ കായലിലേത്. കുമരകം റിസോർട്ട് പദ്ധതി എന്ന പേരിലായിരുന്നു അത്. നിബന്ധനകൾ ഒന്നുമില്ലാതെയാണ് ഇടത് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.

എന്നാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഉൾപ്പടെയുള്ള പാരിസ്ഥിക നിയമങ്ങൾ പാലിച്ചുമാത്രമെ പദ്ധതി നടപ്പാക്കാവു എന്ന് യു.ഡി.എഫ് സർക്കാർ നിബന്ധന വയ്ക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ല, എല്ലാം സുതാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടി വന്നത്. വിവാദം ഒഴിവാക്കുന്നതിന് മാത്രമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

തീരുമാനം പിൻവലിക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. ഉത്തരവിന്റെ പേരിൽ ആരേയും ആക്ഷേപിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂർണമായും തനിക്കാണ്. ആരെയും നിലം നികത്താൻ അനുവദിച്ചിട്ടില്ലെന്നും ഒരിഞ്ചു ഭൂമി പോലും നികത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.