UDF

2016, മാർച്ച് 3, വ്യാഴാഴ്‌ച

കേരളത്തെ പാടേ അവഗണിച്ചു


കേരളത്തെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിഷേധിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകർച്ച നേരിടുന്ന റബർ കർഷകർക്കു 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

റബർ ബോർഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ എയിംസിനായി ഭൂമി കണ്ടെത്തുന്നതിന് ഉൾപ്പെടെ നടപടികൾ സംസ്ഥാന സർക്കാർ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികൾക്കു കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല. വയനാട്ടിലെ ആദിവാസികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ കേന്ദ്ര പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.