UDF

2016, മാർച്ച് 19, ശനിയാഴ്‌ച

പ്രവർത്തകർ മനസ്സുവച്ചാൽ എല്ലാസീറ്റും പിടിക്കാം


പ്രവർത്തകർ ആത്മാർത്ഥമായി മനസ്സുവച്ചാൽ എല്ലാ സീറ്റും പിടിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫസ്റ്റ് ക്ലാസിൽ പാസാകുന്ന ഒരു കുട്ടിയുടെ ലക്ഷ്യം നൂറിൽ നൂറ് മാർക്കാണെന്നും നൂറിൽ നൂറും ലഭിക്കുമ്പോഴാണ് യഥാർത്ഥ വിജയം ഉണ്ടാകുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രവർത്തകർ മനസ്സുവച്ചാൽ മലപ്പുറത്ത് എല്ലാ സീറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിക്കും മോദിയ്ക്കും കേരളം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി. ബീഹാറിനുശേഷം ശക്തമായ മറുപടി നൽകുന്ന സംസ്ഥാനമാകും കേരളമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികൾ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി വിസ്മരിച്ചുവെന്നും മുഖ്യമന്ത്രി.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മലപ്പുറം ജില്ല നൽകിയ സംഭാവന വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ അഞ്ചു വർഷത്തെ വികസന പരിപാടികൾ തന്നെയാണ് യുഡിഎഫിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 



-