UDF

2016, മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!