UDF

2016, മാർച്ച് 3, വ്യാഴാഴ്‌ച

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.