UDF

2015, ഡിസംബർ 1, ചൊവ്വാഴ്ച

ശബരി റെയില്‍വേ പദ്ധതി: ആവശ്യമെങ്കില്‍ പകുതി പദ്ധതിവിഹിതം വഹിക്കും


തിരുവനന്തപുരം: ശബരി റെയില്‍വേക്ക് 50 ശതമാനം പദ്ധതി വിഹിതം സംസ്ഥാനം വഹിക്കണം എന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം പരിഹാരത്തിലേക്ക് എത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ 50 ശതമാനം പദ്ധതിവിഹിതം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഡിസംബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയില്‍ െവച്ച് കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. ശബരി റെയില്‍വേ സംബന്ധിച്ച വിവിധ വിഷയങ്ങളും പദ്ധതിക്കായി അനുവദിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയതും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.