UDF

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

അപമാനിച്ചു പുറത്താക്കാനുള്ള ശ്രമം നടക്കില്ല

 

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതക കേസില്‍ ജയിലില്‍ അടച്ചതിന്‍റെ പ്രതികാരം തീര്‍ക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അപമാനിച്ച് പുറത്താക്കാനുള്ള ശ്രമം നടക്കില്ല. നീതി നടപ്പാക്കാന്‍ ശ്രമിച്ച് പടിയിറങ്ങേണ്ടി വന്ന മുഖ്യമന്ത്രിയായാണ് താന്‍ അറിയപ്പെടുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം.

ഇതിന് മുമ്പും ഒന്നും പറയാത്ത കാര്യമാണ് ബിജുരാധാകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. 58 കേസുകള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോടതികളില്‍ സോളാറുമായി ബന്ധപ്പെട്ട് ഉണ്ട്. . ഇതു വരെ ആരോടും ഇങ്ങനെയുള്ള ആരോപണങ്ങള്‍ പറഞ്ഞിട്ടില്ല. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനില്‍ മൊഴി കൊടുക്കുന്നത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഇത് നീട്ടിക്കൊണ്ട് പോകാനാണ് ബിജു ശ്രമിച്ചത്. അയാള്‍ക്കെതിരെ നിന്ന എല്ലാവര്‍ക്കും എതിരെ ആരോപണങ്ങളുന്നയിക്കുകയായിരുന്നു. കേസ് സമര്‍ത്ഥമായ അന്വേഷിച്ച ഡിവൈഎസ്പിക്കെതിരെയും , സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെയും ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിക്കെതിരെ പോലും ആരോപണങ്ങള്‍ ഉന്നയിച്ചയാളാണ് ബിജു രാധാകൃഷ്ണന്‍. ഇപ്പോള്‍ എനിക്കെതിരെയും ഇങ്ങനെയൊക്കെ പറയുന്നു.

ബിജു രാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അന്ന് ഇയാള്‍ ബിജു രാധാകൃഷ്ണന്‍ അല്ല. ഡോ. ആര്‍ ബി നായര്‍ ആയിരുന്നു . ഡിഗ്രി പോലും പാസ്സാകാത്ത ആളാണ് , സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പോയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം. എംഐ ഷാനവാസ് എം പി എന്നെ വിളിച്ച് പറഞ്ഞു, ഒരു കമ്പനിയുടെ എംഡിക്ക് എന്നെ കാണണമെന്നുണ്ട്. കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആ ദിവസം കൊച്ചിയില്‍ ഉണ്ട് വന്നാല്‍ കാണാം എന്ന് പറഞ്ഞു ഞാന്‍. വന്ന് കണ്ടു ,സംസാരിച്ചു. രഹസ്യസ്വഭാവമുള്ള കാര്യമാണ് അന്ന് സംസാരിച്ചത്.അക്കാര്യം ഞാന്‍ വെളിപ്പെടുത്തില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. എന്റെ മാന്യത കൊണ്ട് അത് വെളിപ്പെടുത്തില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. ഇപ്പോ ഞാന്‍ പ്രതിക്കൂട്ടിലാണല്ലോ, എന്നാലും ഞാന്‍ അത് വെളിപ്പെടുത്തില്ല. ആര്‍ ബി നായര്‍ അന്ന് പറഞ്ഞത് എന്റെ നാവില്‍ നിന്ന് വരില്ല.

എന്നോട് അത്ര അടുപ്പമുള്ള ആളാണ് ഈ ബിജു രാധാകൃഷ്ണന്‍ എങ്കില്‍ എന്തിന് ഷാനവാസിനെക്കൊണ്ട് അപ്പോയ്‌മെന്റ് എടുക്കേണ്ടി വന്നു. അന്ന് അവര്‍ക്കൊപ്പം മാതൃഭൂമിയിലെ ശിവദാസന്‍ എന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.

ഈ സാഹചര്യങ്ങള്‍ കൂടെ മനസ്സിലാക്കണം. കഴിഞ്ഞ സര്‍ക്കാരിന്‍രെ കാലത്ത് രക്ഷപ്പെട്ട് നടന്ന ബിജുവിനെതിരെ അന്വേഷണം നടത്തി കുറ്റത്തിന് ശിക്ഷവാങ്ങിക്കൊടുത്തത് ഈ സര്‍ക്കാരാണ്. അന്വേഷിച്ച് ശിക്ഷിച്ച് ജയിലില്‍ അടച്ചു എന്ന അഭിമാനം എനിക്കുണ്ട്. ഇതിനിടയ്ക്ക് എന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ പല തവണ ശ്രമിച്ചു. ഞാന്‍ ദൈവവിശ്വാസിയാണ് സാര്‍. ശരി ചെയ്താല്‍ അംഗീകാരം കിട്ടും, തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും . ഇത് എന്റെ വിശ്വാസമാണ്. ഇതിനൊക്കെ തെളിവുകള്‍ വന്ന് പെടുന്നുണ്ടല്ലോ. ബിജുവുമായുള്ള കൂടിക്കാഴ്ചയില്‍ ദൃക്‌സാക്ഷിയായി ഒരു ശിവദാസന്‍ വന്ന് പെട്ടു. അപ്പോ അതിന് ദൃക്‌സാക്ഷിയുണ്ട്. ഇന്നലെ ബിജു കൊണ്ട് വന്ന പുതിയ ആരോപണം സരിതയെ അറസ്റ്റ് ചെയ്ത ജൂണ്‍ മൂന്നാം തീയതിക്കും , ബിജുവിനെ അറസ്റ്റ് ചെയ്ത ജൂണ്‍ 16നും ഇടക്ക് എന്നെ തിരുവനന്തപുരത്ത് വന്ന് കണ്ടുവെന്നാണ് . ആ സമയത്ത് അസംബ്ലി ചേരുകയാണ്. സോളാര്‍ വിഷയം കത്തുകയാണ്. അന്നേരത്ത് എന്നെ വന്ന് കണ്ടുവെന്നാണ്. ആ ദിവസങ്ങളിലെ ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ഇവിടത്തെ ടവര്‍ ലൊക്കേഷനില്‍ അല്ല.

ഇത് വരെ ബ്ലാക് മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന സി ഡി ബിജു ഹാജരാക്കണം.

55 വര്‍ഷക്കാലമായി ഞാന്‍ പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ട് സാര്‍. വിദ്യാര്‍ത്ഥിരാഷ്ട്രീയകാലം തൊട്ട് ഇവിടെ ഉണ്ട്.ഇപ്പോഴത്തെ സംഭവങ്ങളില്‍ ആരോടും പരിഭവമില്ല.പ്രതിപക്ഷത്തോട് എനിക്ക് പറയാനുണ്ട്. നിങ്ങളൊന്ന് ആലോചിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നും ആലോചിക്കാതെ കാര്യങ്ങള്‍ ഉന്നയിക്കരുത്. ഇപ്പോഴത്തെ ആരോപണങ്ങളില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത് ശരിയല്ല.എന്നെ നിങ്ങള്‍ അപമാനിച്ച് വിടണം എന്നാണ് ആലോചിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ പോവുകയാണങ്കില്‍ അത് നീതി നടപ്പാക്കിയതിന്റെ പേരില്‍ ബുദ്ധിമുട്ടിലായി ഇറങ്ങേണ്ടി വന്ന ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ പോവുക, അപമാനിതനായി ആവില്ല. തെറ്റ് ചെയ്തിട്ടില്ല, ബ്ലാക് മെയ്ല്‍ ചെയ്യുന്നതിന് വഴങ്ങാതിരിക്കുകയാണ് ചെയ്തത്. ഒരു കൊലക്കേസിലെ പ്രതി എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കൈയും കാലുമിട്ടടിക്കുന്നത് മാത്രമാണ് ഇത്. നീതിയുടെ കരങ്ങള്‍ ശക്തമാണ്, സര്‍. കമ്മീഷന്‍ എല്ലാ കാര്യങ്ങളും പരിശോധിക്കട്ടെ.

അത് കൊണ്ട് ഈ ആരോപണങ്ങളെല്ലാം ഞാന്‍ നിഷേധിക്കുന്നു.