UDF

2015, നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിയുടെ പരാമര്‍ശം വര്‍ഗീയ വിഷം


തിരുവനന്തപുരം: കോഴിക്കോട്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷമാണ് പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമുദായിക പരിഗണന വെച്ചാണ് സഹായം പ്രഖ്യാപിച്ചതെന്ന പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിലുള്ള വര്‍ഗീയ വികാരമാണ് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കില്ല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കും. 

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച സാഹസികതക്കിടെയാണ് നൗഷാദിന് അപകടം സംഭവിച്ചത്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിയും അമ്മയ്ക്ക് സാമ്പത്തിക സഹായവും വേണമെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്. രണ്ട് കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 

സമാന സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടുകയും ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കാല്‍മുറിക്കേണ്ടിവന്ന ലാവണ്യക്കും കോട്ടയത്ത് ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ടാക്‌സി ഡ്രൈവര്‍ക്കും ജോലി നല്‍കി. കണ്ണൂരില്‍ ബോംബ് പൊട്ടി അപകടത്തില്‍പ്പെട്ട അമാവാസിക്ക് പിന്നീട് സംഗീത കോളേജില്‍ ജോലി നല്‍കിയതും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല.

വെള്ളാപ്പള്ളി പരാമര്‍ശിക്കുന്ന ഇടപ്പാള്‍ അപകടത്തില്‍പ്പെട്ടവര്‍ എറണാകുളം സ്വദേശികളാണ്. അവരുടെ വീട് സന്ദര്‍ശിച്ച എറണാകുളത്തെ ജനപ്രതിനിധികളും നേതാക്കളും അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തുനല്‍കിയിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെ സങ്കുചിതമായികാണുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.