UDF

2015, ഡിസംബർ 30, ബുധനാഴ്‌ച

മദ്യനയത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സുപ്രീംകോടതിയും അംഗീകരിച്ച പശ്ചാത്തലത്തില്‍, പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ മദ്യനയത്തില്‍ അവര്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആക്ഷേപിച്ചത്, സര്‍ക്കാരിന്റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആരെയോ സഹായിക്കാനാണെന്നും ഒക്കെയാണ്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബങ്ങളെ മദ്യമെന്ന വലിയ വിപത്തില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. മദ്യനയം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പുതിയ മദ്യനയം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന്റെ കാര്യത്തില്‍ എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനുഷികപ്രശ്‌നം അതിനുണ്ട്. സര്‍ക്കാരിന് ഈ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷംതോറും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 26 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിളമ്പുന്നതും സംസ്ഥാനത്ത് മൊത്തം മദ്യം വിളമ്പുന്നതും ഒരുപോലെയാണെന്നുപറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.