UDF

2015, ഡിസംബർ 31, വ്യാഴാഴ്‌ച

സോണിയ ഉദ്ഘാടകയാകണമെന്നത് ജനാഭിലാഷം


ആര്‍.ഐ.ടിയില്‍ ഓഡിറ്റോറിയം നിര്‍മിക്കും

കോട്ടയം: രാജീവ്ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രാജ്യത്ത് ആദ്യംതുടങ്ങിയ സ്ഥാപനമായ പാമ്പാടി ആര്‍.ഐ.ടിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ സോണിയാഗാന്ധിയെ കൊണ്ടുവരണമെന്നത് ജനാഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആധുനിക ഓഡിറ്റോറിയം നിര്‍മിക്കും. പുതിയ പ്ലെയ്‌സ്‌മെന്റ് സെന്റര്‍ തുറക്കും.

താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് രാജീവ്‌സ്മരണ നിലനിര്‍ത്താന്‍ കോളേജിന് പണം അനുവദിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സോണിയയെ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, അന്ന് സോണിയ എം.പി.ആയിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ഉദ്ഘാടനം നടത്താനായില്ല. അത് ആരുടേയും കുറ്റംകൊണ്ടല്ല. രണ്ടുതവണ ഉദ്ഘാടനം തീരുമാനിച്ചപ്പോഴും മാറ്റിവെയ്‌ക്കേണ്ടിവന്നു. ഇപ്പോള്‍ രജതജൂബിലിയാഘോഷങ്ങള്‍ അവര്‍ ഉദ്ഘാടനം ചെയ്തതില്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനവുമില്ല.

ആര്‍.ഐ.ടിയുടെ വരവോടെ സമീപത്തെല്ലാം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണ് രാജീവ് സ്വപ്‌നംകണ്ടത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ലോകനേതാക്കളുടെപോലും അംഗീകാരം നേടി. അതിനാല്‍ രാജീവ്ഗാന്ധിക്ക് ഉചിതമായ സ്മാരകമാണ് ഈ സ്ഥാപനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.