UDF

2015, ഡിസംബർ 28, തിങ്കളാഴ്‌ച

രാജീവ് ഗാന്ധി എൻജി: കോളജു് സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്നത് നാടിന്റെ ആഗ്രഹം


പാമ്പാടി ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എൻജിനീയറിങ് കോളജിന്റെ (ആർഐടി) സിൽവൽ ജൂബിലി ആഘോഷങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 30ന് ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കോളജ് ആരംഭിച്ചതിൽ പിന്നെ ഔദ്യോഗിക പരിപാടികൾ ഒന്നും നടന്നിട്ടില്ലെന്നും കോളജ് രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങ് കൂടിയായി ഇതു മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന സമ്മേളനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സ്ഥാപനം കൂടിയാണ് ആർഐടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. 1991 ജൂണിലെ ബജറ്റിലാണ് കോളജ് പ്രഖ്യാപിച്ചത്.

ആ വർഷം തന്നെ സമീപമുള്ള സർക്കാർ സ്കൂളുകളിലായി ക്ലാസ് തുടങ്ങാനായി. കോളജിന്റെ പണികൾ പൂർണമായ ശേഷം ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. 100 ഏക്കറോളം സ്ഥലം ഏറ്റെടുത്തു. 2004ൽ കെട്ടിട നിർമാണം പൂർത്തിയായി. രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനമായതിനാൽ സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് അന്നു നാട് ഒന്നടങ്കം എടുത്ത തീരുമാനമാണ്. 2004ൽ സോണിയ വരാൻ തീരുമാനിച്ചെങ്കിലും സൂനാമി വന്ന സമയമായതിനാൽ പരിപാടി മാറ്റിവച്ചു. 2006ൽ പരിപാടി തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടർന്ന് അത്തവണയും ഉദ്ഘാടനം മാറ്റി വയ്ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോട്ടോക്കോളിനും അതീതമായ ചടങ്ങാണ് കോളജിന്റെ സമർപ്പണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സോണിയഗാന്ധി ഉദ്ഘാടനത്തിന് എത്തുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നു ചില രാഷ്ട്രീയപാർട്ടികൾ കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രാജീവ്ഗാന്ധിയുടെ നാമത്തിൽ ആരംഭിച്ച സ്ഥാപനം അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്ന് നാട് ആഗ്രഹിച്ചിരുന്നതാണ്. ഇതിൽ പ്രോട്ടോക്കോൾ ഒരു പ്രശ്നമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച കോളജായി ആർഐടി മാറിയെന്നും രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായി കോളജിനെ മാറ്റാനാണ് ശ്രമമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആർഐടി ടീമിന്റെ കൾച്ചറൽ ഷോ നടക്കും. 31ന് ആഗോള അലുമ്നി മീറ്റ്, അടുത്ത വർഷം ഋതു ടെക്നിക്കൽ ഫെസ്റ്റിവൽ, ദൃശ്യ ഫിലിം ഫെസ്റ്റിവെൽ, വിവിധ വകുപ്പുകളുടെ മൽസരങ്ങൾ, രാജ്യാന്തര സിംപോസിയങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും നടത്തും.